30
Jul 2023
Mon
30 Jul 2023 Mon

തൃശൂരില്‍ വൃദ്ധ ദമ്പതികളെ പേരമകന്‍ കൊലപ്പെടുത്തി; പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നെത്തിയത് കഴിഞ്ഞദിവസം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ പേര മകന്‍ കൊലപ്പെടുത്തി. പനങ്ങാവില്‍ വീട്ടില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകന്‍ അക്മല്‍ എന്ന മുന്നയാണ് കൊലപാതകം നടത്തിയത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയ ആളാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.

തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ചെറുമകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നത്. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് താമസം. അക്മലിന്റെ ഉമ്മ വേറെ വിവാഹം കഴിച്ചു പോയിരുന്നു. ഇന്ന് രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുവാണ് കൊലപാതക വിവരം ആദ്യമറിഞ്ഞത്.

ഗുരുവായൂര്‍ എസി.പി കെജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എംഎല്‍എ എന്‍കെ അക്ബര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.