തൊടുപുഴ ആലക്കോട് ഇടിമിന്നലേറ്റ പാറമടയിലെ 11 തൊഴിലാളികളില്‍ ഒരാള്‍ മരണത്തിനു കീഴടങ്ങി. ഇടുക്കി പൂപ്പാറ സ്വദേശി രാജ(45)ആണ് മരിച്ചത്. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് രാജയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വ്യാഴം പുലര്‍ച്ചെ ഒന്നോടെയാണ് അന്ത്യം സംഭവിച്ചത്.
|
ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്പാവൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ്സ്റ്റാര്‍ ഗ്രാനൈറ്റ്‌സ് എന്ന പാറമടയിലെ 11 തൊഴിലാളികള്‍ക്കാണ് ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇടിമിന്നലില്‍ പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താല്‍ക്കാലിക ഷെഡില്‍ തൊഴിലാളികള്‍ കയറി നില്‍ക്കുന്നതിനിടെയാണ് മിന്നലേറ്റത്.
കൊല്ലം അച്ചന്‍കോവില്‍ സ്വദേശി അഖിലേഷ് (25), മൂന്നാര്‍ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടില്‍ അശ്വിന്‍ മധു (22), തമിഴ്‌നാട് കുമാരലിംഗപുരം സ്വദേശികളായ ധര്‍മ്മലിംഗം (31), വിയജ് (31), സൂര്യ (20), ജയന്‍ (55), മറയൂര്‍ സ്വദേശി മഥനരാജ് (22), പെരുമ്പാവൂര്‍ സ്വദേശികളായ ആശോകന്‍ (50), ജോണ്‍ (32) എന്നിവരാണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്.
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാജ മരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന രാജയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.





