01
Mar 2024
Sun
01 Mar 2024 Sun

തെരഞ്ഞെടുപ്പ് ഏഴു ഘട്ടം ആക്കിയതിന് എതിരെ പ്രതിപക്ഷപാര്‍ട്ടികള്‍; BJP ക്കു വേണ്ടിയെന്ന് ആക്ഷേപം, കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്ന് മുസ്ലിം സംഘടനകളു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്നലെ പ്രഖ്യാപിച്ച ലോക്‌സഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടം ആക്കിയതിന് എതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. കോണ്‍ ഗ്രസ് , തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളാണ് എതിര്‍പ്പുമായി രംഗത്തു വന്നത്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കുമെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കി.

ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ശരിയായ നടപടിയല്ലെന്നാണ് ആക്ഷേപം. മൂന്നോ നാലോ ഘട്ടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു. ദൈര്‍ഘ്യമേറിയ വോട്ടെടുപ്പ് ഷെഡ്യൂള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

പശ്ചിമബംഗാളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കിയിരുന്നു. മൂന്നോ നാലോ ഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാമായിരുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് വോട്ടെടുപ്പ് ജൂണിലേക്ക് നീണ്ടു പോകുന്നത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കാനല്ല ഇത്രയും നീണ്ട ഷെഡ്യൂള്‍ നല്‍കിയതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ വിശദീകരിച്ചത്. ഉത്സവങ്ങളുടെ തീയതി, ജില്ലാ കലക്ടര്‍മാര്‍ നൽകിയ നിര്‍ദേശങ്ങള്‍, സുരക്ഷാ സൈനികര്‍ക്ക് ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലങ്ങളിലേക്ക് എത്താനുള്ള സൗകര്യം തുടങ്ങിയവ പരിഗണിച്ചാണ് വോട്ടെടുപ്പ് ഷെഡ്യൂള്‍ ക്രമീകരിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.

അതേസമയം മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജൻ്റ്മാർക്കും ജുമുഅ പ്രാർത്ഥനക്ക് തടസ്സമാകുമെന്നതിനാൽ ഏപ്രിൽ 26ന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തിയ്യതി മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ്, സമസ്ത, എസ്‌വൈഎസ്, എസ് കെ എസ് എസ് എഫ് തുടങ്ങിയ സംഘടനകൾ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.