27
Apr 2023
Sun
27 Apr 2023 Sun

പത്തനംതിട്ട: സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ ആരോഗ്യമന്ത്രി വീണ ജോർജ് മൗനം വെടിയണമെന്നാവശ്യപ്പെട്ട് പോസ്റ്റർ. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസമായ ഇന്ന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം എന്നാണ് പോസ്റ്റർ ആവശ്യപ്പെടുന്നത്. ഓർത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവന്ന ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നേരത്തെ ഓർത്തഡോക്‌സ് സഭ പ്രമേയം കൊണ്ടുവന്നിരുന്നു. ഓർത്തഡോക്‌സ് സഭയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ല്. ബില്ല് ഏകപക്ഷീയമാണെന്നും സഭാ പ്രതിനിധികൾ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യമെന്ന പേരിൽ സുപ്രീംകോടതി വിധി മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോർജ് പളളിയിൽ ഓർത്തഡോക്‌സ് സഭ പ്രതിഷേധ ഉപവാസ പ്രാർത്ഥനാ യജ്ഞവും നടത്തിയിരുന്നു. 1934 ലെ മലങ്കര ഭരണഘടന അനുസരിച്ചുളള, 2017 ൽ ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ തകിടം മറിക്കുന്നതാണ് ചർച്ച് ബില്ല്. കോടതി വിധി അസാധുവാക്കാനുളള ശ്രമം അംഗീകരിക്കില്ല. പ്രമേയം സർക്കാരിന് അയക്കുമെന്നും ഓർത്തഡോക്‌സ് സഭ പ്രതിനിധികൾ പറഞ്ഞിരുന്നു.