|
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തഹ് കെരീ താലിബാൻ പാകിസ്ഥാൻ്റെ (TTP) കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ്റെ വ്യോമാക്രമണം. അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബാര്‍മാല്‍ ജില്ലയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 15 പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ലാമന്‍ ഉള്‍പ്പെടെ ഏഴ് ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. മരണസംഖ്യ ഉയരുമെന്നാണ് വിവരം. ബര്‍മാലിലെ മുര്‍ഗ് ബസാര്‍ ഗ്രാമം പൂര്‍ണമായും തകർന്നു.
TTP യുടെ ശക്തികേന്ദ്രമായ ഇവിടെനിന്ന് പാക് മണ്ണ് ലക്ഷ്യംവച്ച് ആക്രമണങ്ങൾ നടന്നിരുന്നു. അഫ്ഗാൻ മണ്ണിൽനിന്ന് പാകിസ്ഥാനിലേക്ക് പാക് താലിബാൻ ആക്രമണം നടത്തുന്നത് ഇരുരാജ്യങ്ങൾക്ക് ഇടയിലും വലിയ പ്രശ്നങ്ങൾക്ക് കാരണം ആയിരുന്നൂ. അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ വന്നതോടെ ആക്രമണം കൂടി. ഇത് നിർത്താൻ പാക് സര്ക്കാര് ആവർത്തിച്ചു ആവശ്യപ്പെട്ടെങ്കിലും തുടരുന്നതിനിടെ ആണ് പാക് വ്യോമാക്രമണം.
വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ വ്യോമാക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സൈന്യവുമായി അടുത്ത സുരക്ഷാ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
Pakistan launches airstrikes inside Afghanistan


