26
Apr 2025
Sun
26 Apr 2025 Sun
Patna Highcourt

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത രണ്ട് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പട്‌ന ഹൈക്കോടതി ജാമ്യം നല്‍കി. (Patna High Court grants bail to 2 PFI members )മുഹമ്മദ് ജമാലുദ്ദീന്‍, അതാര്‍ പര്‍വേസ് എന്നിവര്‍ക്കാണ് ജാമ്യം. നേരത്തേ പ്രത്യേക കോടതി ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോപ്പുലര്‍ ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്ന സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് പട്‌ന ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഹരജിക്കാര്‍ ഏതെങ്കിലും ഭീകര സംഘടനയില്‍ അംഗങ്ങളാണെന്ന് കുറ്റപത്രത്തില്‍ പറയുന്നില്ല. ഇരുവരും അംഗങ്ങളായ പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ നിയമപ്രകാരം ഭീകര സംഘടനകളായി പ്രഖ്യാപിച്ചിട്ടില്ല. ഈ വിഷയത്തില്‍ നേരത്തേ സുപ്രിംകോടതി എടുത്ത നിലപാട് ഈ കേസിലും ബാധകമാണെന്ന് ജസ്റ്റിസ് രാജീവ് രഞ്ജന്‍ പ്രസാദ്, ജസ്റ്റിസ് എസ്പി പിഡി സിങ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്കു വേണ്ടി അഡ്വ. കുന്ദന്‍ കുമാര്‍ ഓജിയും പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ജെ എന്‍ സിങും ഹാജരായി.

ALSO READ: പിഎഫ്ഐ നേതാക്കളായ ഇ അബൂബക്കറിനും ഒഎംഎ സലാമിനും ജാമ്യം അനുവദിച്ച് ഡല്‍ഹി കോടതി

2022 ജൂലൈ 11ന് ആണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പട്‌ന സന്ദര്‍ശന വേളയില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ഗൂഡാലോചനയും പരിശീലനവും നടത്തുന്നതായി രഹസ്യ വിവരം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഭവം സ്ഥലത്തെത്തുകയും ചെയ്തുവെന്നാണ് പോലീസ് അവകാശവാദം. പോലീസ് അവിടെയെത്തിയപ്പോള്‍ അഹ്‌മദ് പാലസ് എന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ചിലര്‍ യോഗം നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ ഇവിടെ യോഗം ചേരുന്നുണ്ടായിരുന്നുവെന്നും മുഹമ്മദ് ജമാലുദ്ദീന്‍, അതാര്‍ പര്‍വേസ് എന്നിവര്‍ ഇവിടെ എത്താറുണ്ടായിരുന്നുവെന്നും പോലീസ് ആരോപിക്കുന്നു.

പോലീസ് പരിശോധനയില്‍ ഇന്ത്യ 2047 എന്ന പുസ്തകം, ഉറുദുവിലും ഹിന്ദിയിലുമുള്ള നിരവധി ലഘുലേഖകള്‍, പോപ്പുലര്‍ ഫ്രണ്ട് പതാകകള്‍ എന്നിവ ലഭിച്ചു. പ്രതികള്‍ യുഎഇയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും അനധികൃതമായി ഫണ്ട് ശേഖരിച്ച് ഭീകര പ്രവര്‍ത്തനം നടത്തുന്നതിന് പലര്‍ക്കും വിതരണം ചെയ്തതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല. അവകാശപ്പെടുന്നതു പോലെ പ്രതികള്‍ 40000നും 50,000നും ഇടയില്‍ തുക ചിലര്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാലും ഈ തുക ഏതെങ്കിലും ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതായി തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണെന്ന് അറിഞ്ഞുകൊണ്ട് ഇവര്‍ ഏതെങ്കിലും തരത്തില്‍ ഫണ്ട് ശേഖരിച്ചതിനും തെളിവില്ല.

ഹരജിക്കാര്‍ രണ്ട് വര്‍ഷമായി കസ്റ്റഡിയില്‍ തുടരുകയാണ്. ഇതു പരിഗണിച്ച് കൊണ്ട് രണ്ടുപേര്‍ക്കും ജാമ്യം അനുവദിക്കുന്നതായും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.