‘ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതും..’: വിജയപ്രതീക്ഷയില്‍ ജെയ്ക് സി തോമസ്
|
കോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വിധിയെഴുതുമെന്നും പുതുപ്പള്ളി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. പോളിംഗ് ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയാണെന്നും എല്‍ഡിഎഫിന് അനുകൂല ഘടകമാണെന്നും ജെയ്ക് പറഞ്ഞു. വോട്ട് ചെയ്യുന്നതിന് മുമ്പ് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഈ വോട്ടെടുപ്പ് പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വികസനത്തെക്കുറിച്ചുള്ള സ്‌നേഹ സംവാദത്തിനാണ് താന്‍ ക്ഷണിച്ചത്. എന്നാല്‍ യുഡിഎഫ് സംവാദത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണം വേണം. കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നാണ് ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്. യുഡിഎഫ് അതിനെ കുറിച്ച് മിണ്ടുന്നില്ലെന്നും ജെയ്ക് പറഞ്ഞു.
അതേസമയം, കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പിന് സജ്ജമായി പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലം. രാവിലെ ഏഴിനു പോളിങ് ആരംഭിച്ചതു മുതല്‍ മിക്ക ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. മഴ മാറി നില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ. വൈകിട്ട് ആറിനാണു സമാപനം. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയാകുന്നു എന്ന അപൂര്‍വതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ട്ടിയുടേത് ഉള്‍പ്പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി ഇക്കുറി തീരുമാനിക്കുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് പുതുപ്പള്ളി ഗ്രിഗോറിയന്‍ സ്‌കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മണര്‍കാട് എല്‍പി സ്‌കൂളിലുമാണ് വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് മണ്ഡലത്തിന് പുറത്താണ് വോട്ട്.





