26
Oct 2024
Tue
26 Oct 2024 Tue

കോഴിക്കോട്: ദി ഹിന്ദു പത്രത്തിനൂ നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിവട പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം നേതാക്കൾ. വിവാദത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്നു മന്ത്രി മുഹമ്മദ് റിയാസ് അഭിപ്രയപ്പെട്ടപ്പോൾ, മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ചുവെന്നു മന്ത്രി എംബി രാജേഷ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രി മലപ്പുറത്തെ മോശമാക്കുന്ന നിലപാട് കൈക്കൊണ്ടിട്ടില്ലെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ആരോപണം ഉയരുന്നത്. കേരളത്തില്‍ എട്ടുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് വേണ്ടിയാണ് ഈ പ്രചാരണം നടക്കുന്നതെന്നും മന്ത്രി റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്തിലൂടെ മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെന്നതുൾപ്പെടെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് റിയാസിന്റെ മറുപടി.

‘മുഖ്യമന്ത്രിയായാലും എല്‍ഡിഎഫ് ആയാലും എല്‍ഡിഎഫ് ഭരിച്ച സര്‍ക്കാരായാലും മലപ്പുറത്തിന്റെ വികസനത്തിനായി വലിയ നിലയില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പശ്ചാലത്തല സൗകര്യവികസനം പരിശോധിച്ചാല്‍ മലയോര ഹൈവേയുടെ നിര്‍മ്മാണം ജില്ലയില്‍ പുരോഗമിക്കുകയാണ്. തീരദേശ ഹൈവേ നിര്‍മ്മാണം മറ്റു ജില്ലകള്‍ക്ക് മാതൃകയാക്കാവുന്ന നിലയിലാണ് മുന്നോട്ട് പോകുന്നത്. ചിലയിടങ്ങളില്‍ പണി പൂര്‍ത്തിയായിട്ടുണ്ട്. എന്‍എച്ച് 66ന്റെ പ്രവൃത്തി ഏറ്റവും വേഗത്തില്‍ നടക്കുന്നതും മലപ്പുറത്താണ്. ഓരോ വകുപ്പും പരിശോധിച്ചാല്‍ എട്ടുവര്‍ഷത്തിനിടെ ഒട്ടേറെ കാര്യങ്ങള്‍ മലപ്പുറത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഭൂരിപക്ഷം വരുന്ന ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയെ ബിജെപിയോട് താത്പര്യമുള്ളയാളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ബിജെപി വിരുദ്ധ മനസുകളില്‍ മുഖ്യമന്ത്രിയെ വിശ്വാസമാണ്. ബിജെപിക്കെതിരെ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിക്കും എന്നത് ബിജെപി വിരുദ്ധ മനസുകളിലും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളിലും ഒരു പോസ്റ്റര്‍ പോലെ പതിഞ്ഞിട്ടുണ്ട്. അതിനെ പൊളിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും റിയാസ് ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരായി വികാരം ഉയര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന് യുഡിഎഫിന് സൗകര്യം ചെയ്ത് കൊടുക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ്. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ഇനിയും ശക്തിപ്പെടണമെന്നാണ് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നത്. യുഡിഎഫിന്റെ സ്ലീപ്പിങ് പാര്‍ട്ണര്‍ ആയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മിനെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണ്. സഖാവ് ഇഎംഎസ് നയിച്ച സര്‍ക്കാരാണ് മലപ്പുറം ജില്ലയ്ക്ക് രൂപം നല്‍കിയത്. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ മലപ്പുറം ജില്ല നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പോരാട്ടം നയിച്ച മലപ്പുറം ജനതയില്‍ നിരവധിപ്പേര്‍ രക്തസാക്ഷികള്‍ ആയിട്ടുണ്ട്. ആ പോരാട്ടത്തെ മാപ്പിള ലഹള എന്ന് വിളിച്ച് മതവര്‍ഗീയ അജണ്ട സൃഷ്ടിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ അത് മാപ്പിള ലഹള ആയിരുന്നില്ലെന്നും കര്‍ഷക സമരമായിരുന്നെന്നും സ്വാതന്ത്ര്യസമര പോരാട്ടമായിരുന്നെന്നും കണ്ട് ഇതില്‍ പങ്കെടുത്തവര്‍ക്ക് പെന്‍ഷന്‍ നല്‍കണമെന്ന് തീരുമാനിച്ച് ഒപ്പുവെച്ചതും ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. ഇതെല്ലാം മറച്ചുവെച്ച് മുഖ്യമന്ത്രിയുടെയും എല്‍ഡിഎഫിന്റെ വിശ്വാസ്യത തകര്‍ത്ത് യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.’- റിയാസ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വർഗീയമായി വളച്ചൊടിച്ചിരിക്കുകയാണ്. മലപ്പുറത്തെ കളങ്കപ്പെടുത്താൻ നടന്ന ശ്രമങ്ങളെ എല്ലാക്കാലത്തും വളരെ നെഞ്ചുറപ്പോടെ നേരിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മന്ത്രി രാജേഷ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ട കള്ളക്കടത്ത് വൻതോതിൽ നടക്കുന്നതിനെക്കുറിച്ചാണ്. ആ ഏതെങ്കിലും ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല. അത് ബോധപൂർവം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഇപ്പോൾ ഈ തിരക്കഥ എവിടെ നിന്നും വന്നു എന്ന് വ്യക്തമാണ്. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിർത്തതെന്ന് മന്ത്രി രാജേഷ് വ്യക്തമാക്കി.

 

കള്ളക്കടത്തിനെ എതിർക്കുമ്പോൾ, അത് ഏതെങ്കിലും ഒരു ജില്ലയുടെ മുകളിൽ കൊണ്ടുപോയി ചാരുമ്പോൾ, ആ ചാരുന്നവരാണ് അവരുടെ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ജില്ലയെ അപമാനിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി ഏതെങ്കിലും ഒരു ജില്ലയെക്കുറിച്ചല്ല പറഞ്ഞത് എന്നും എംബി രാജേഷ് വിശദീകരിച്ചു. അൻവറിനെ സി പി എം ഒരുകാലത്തും ന്യായീകരിക്കാനും സംരക്ഷിക്കാനും നിന്നിട്ടില്ല. പ്രതിനായകനായിരുന്ന അൻവർ മാധ്യമങ്ങൾക്ക് ഇപ്പോൾ താരമായി. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാൽ മാധ്യമങ്ങൾ തലയിൽ ചുമന്ന് നടക്കുമെന്നും മന്ത്രി രാജേഷ് അഭിപ്രായപ്പെട്ടു.