|
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്തഭൂമിയിൽ. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ മോഡി വന്നിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നു അദ്ദേഹത്തെ സ്വീകരിക്കും. സന്ദർശനത്തിൽ അദ്ദേഹത്തിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുമുണ്ടാകും.
തുടർന്നു വിമാനത്താവളത്തിൽ നിന്നു എല്ലാവരും വ്യോമസേനയുടെ ഹെലികോപ്ടർ വഴി ദുരന്ത ബാധിത മേഖലയിലേക്ക് പോകും. പ്രദേശത്തെ പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ദുരിതാശ്വാസ ക്യാംപുകളും സന്ദർശിക്കും. ദുരിത ബാധിതരുമായി മോഡി സംസാരിക്കും.
ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി മൂന്ന് മണിക്കൂർ സമയം ചെലവഴിക്കുന്നു മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ബെയ്ലി പാലം വരെ പ്രധാനമന്ത്രി സന്ദർശനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സന്ദർശന സമയത്ത് തിരച്ചിൽ ബുദ്ധിമുട്ടാകുമെന്നു എസ്പിജി അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമോ അതോ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ദുരന്തത്തെ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. പുനർ നിർമാണങ്ങൾക്കായി 2000 കോടി ആണ് കേരളം ആവശ്യപ്പെട്ടത്.
സന്ദർശനം പ്രമാണിച്ച് വയനാട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയത്. മുണ്ടക്കൈ, ചൂരലമല പ്രദേശങ്ങളിൽ തിരച്ചിൽ അതിനാൽ ഉണ്ടാകില്ലെന്നു ജില്ലാ കലക്ടർ അറിയിച്ചു. പ്രദേശത്തേക്ക് ആർക്കും പ്രവേശനമുണ്ടാകില്ല. ജനകീയ തിരച്ചിൽ ഞായറാഴ്ച പുനരാരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.





