01
Jun 2023
Sat
01 Jun 2023 Sat

കൊച്ചി: വീട്ടു ജോലിക്കാരിയുടെ പ്രായപൂർത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കൽ കുറ്റക്കാരനെന്ന് പോക്‌സോ കോടതിയുടെ വിധി. വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് കേസ്.
എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോൻസനെതിരായി റജിസ്റ്റർ ചെയ്ത കേസുകളിൽ ആദ്യത്തെ വിധിയാണിത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ (7,8) പ്രകാരം മോൻസൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇതിനു പുറമേ ഐപിസി 370 (പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുവയ്ക്കൽ, ഐപിസി 342 (അന്യായമായി തടവിൽ പാർപ്പിക്കൽ), ഐപിസി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐപിസി 376 (ബലാത്സംഗം), ഐപിസി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗർഭം അലസിപ്പിക്കൽ), ഐപിസി 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകളും ചുമത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതു സംബന്ധിച്ച് ശിക്ഷാ വിധി ഇന്നോ നാളെയോ ഉണ്ടാകും. കഴിഞ്ഞ ദിവസമാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായത്. മറ്റു കേസുകളിൽ മോൻസന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല.

പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. 2018 മുതൽ പെൺകുട്ടിയെ പ്രതി തുടർച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മോൻസന്റെ മുൻ ജീവനക്കാർ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.