|
വത്തിക്കാൻ: പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം കഴിഞ്ഞ ദിവസത്തേക്കാൾ ക്ഷീണിതനാണെന്നും ശ്വാസ തടസം നേരിട്ടതായും ഏറ്റവും പുതിയ മെഡിക്കൽ ബുള്ളറ്റിനിലൂടെ ഡോക്ടർമാർ പറഞ്ഞു. പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്ന് രാവിലെയോടെ മാര്‍പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു.
പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.
മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഇന്നലെയും മെഡിക്കൽ സംഘം അറിയിച്ചിരുന്നു. അടുത്തയാഴ്ചകൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്നായിരുന്നു ഡോ. സെർജിയോ ആൽഫിയേരി അറിയിച്ചത്. തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചതായും ഡോക്‌ടർ വെളിപ്പെടുത്തിയിരുന്നു.
ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി പ്രസ്തവിക്കുക ഉണ്ടായി.


