27
Apr 2025
Thu
27 Apr 2025 Thu
pfi harthal

നേതാക്കളുടെ അന്യായ അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ഹര്‍ത്താലിലെ നാശ നഷ്ടം സംഘടനയുടെയും നേതാക്കളുടെയും സ്വത്തു വകകള്‍ വില്‍പ്പന നടത്തി ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ്. (Popular Front hartal: Order to recover damages by selling the properties of the organization and its leaders ) 3,94,97,000 രൂപ ഈടാക്കാന്‍ ആണ് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, പ്രാദേശിക ഭാരവാഹികളുടെ സ്വത്ത് വകകള്‍ വിറ്റ് പണം ഈടാക്കാമെന്നും ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. ക്ലെയിംസ് കമ്മിഷണര്‍ നിശ്ചയിക്കുന്ന തുക നഷ്ട്ടം സംഭവിച്ചവര്‍ക്ക് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.

അതേസമയം, ഹര്‍ത്താലുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിക്ക് രണ്ട് കോടി നാല്‍പ്പത്തിരണ്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് റിപ്പോര്‍ട്ട്. സര്‍വീസ് മുടങ്ങിയത് മൂലമുള്ള നഷ്ടം പരിഹരിക്കാനാണ് ഈ തുക. ഈ തുക പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്ന് ഈടാക്കണം. ക്ലെയിം കമ്മീഷണര്‍ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

2022 സെപ്റ്റംബര്‍ 23 നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നടന്നത്. സംഘടനാ നിരോധനത്തിന് മുന്നോടിയായി ദേശീയ, സംസ്ഥാന നേതാക്കളെ അര്‍ധരാത്രിയില്‍ എന്‍ഐഎ പിടിച്ചുകൊണ്ടു പോയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍.

ഹര്‍ത്താലിന് മുന്‍പുള്ള ഏഴ് ദിവസത്തെ കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി വരുമാനം 5,88,48,829 രൂപയാണ്. ഹര്‍ത്താല്‍ ദിനത്തിലെ വരുമാനം 2,13,21,983 രൂപയും. സര്‍വീസ് മുടങ്ങിയതിനാല്‍ ഡീസല്‍ ഇനത്തിലെ ലാഭം 1,22,60,309 രൂപയും. മറ്റ് ക്ലെയ്മുകള്‍ 10,08,160 രൂപ. യഥാര്‍ഥ നഷ്ടം 2,42,58,376 രൂപയുമാണ്.

2022 സപ്തംബര്‍ അവസാനം, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറില്‍ നിന്നും സംഘടനയില്‍ നിന്നും 5.2 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തുക ഈടാക്കാനായിരുന്നു ഉത്തരവ്. എന്നാല്‍, നിശ്ചിത സമയത്തിനകം ഉത്തരവ് നടപ്പിലാക്കാന്‍ സാധിക്കാത്തതിന് സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.