തിരുവനന്തപുരം: കൊടുംചൂടില്‍ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടതോടെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. പരമാവധി കപ്പാസിറ്റിയിലധികം ഉപയോഗം കാരണം ട്രാന്‍സ്‌ഫോമറുകള്‍ നിരന്തരം തകരാറിലാകുകയാണ്. ചിലയിടത്ത് ട്രാന്‍സ്‌ഫോമറുകള്‍ കത്തുന്ന സംഭവങ്ങളുമുണ്ടായി. വേനല്‍ക്കാലം കടക്കാന്‍ ഭഗീരഥ ശ്രമമമാണ് നടക്കുന്നതെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.
|
ഡാമുകളില്‍ ഉള്ളത് ജൂണ്‍ വരെയുള്ള കരുതല്‍ ശേഖരം മാത്രമാണ്. മെയ് 31 വരെ അധിക വൈദ്യുതിക്കായി പുതിയ കരാറുകള്‍ ഒപ്പിട്ടു. വലിയ വില നല്‍കിയാണ് 425 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപവൈദ്യുത നിലയത്തില്‍ നിന്നും 5.45 രൂപയ്ക്ക് കെഎസ്ഇബി മെയ് മാസത്തില്‍ വൈദ്യുതി വാങ്ങും. ലോഡിങ് ഉണ്ടാകാതെ നോക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മിക്കജില്ലകളിലും ചൂട് ഇപ്പോള്‍ ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ നാലു ഡിഗ്രിവരെ കൂടുതലാണ്. എയര്‍കണ്ടീഷണറുകളും ഇവാഹനങ്ങളും പെരുകിയതാണ് ഉപഭോഗംകൂടാന്‍ കാരണം. വൈദ്യുതി ഉപഭോഗത്തിലെ സര്‍വകാല റെക്കോഡ് കഴിഞ്ഞവര്‍ഷം ഏപ്രില്‍ 19നായിരുന്നു. അന്ന് 10.3 കോടി യൂണിറ്റാണ് എരിഞ്ഞത്. ഇതില്‍ 7.88 കോടിയും കേരളത്തിനുപുറത്തുനിന്ന് വാങ്ങിയതാണ്.
താങ്ങാനാകാതെ ട്രാന്‍സ്‌ഫോമറുകള്‍
1.വീടുകളില്‍ വൈകിട്ട് 6മുതല്‍ എ.സിയും എയര്‍കൂളറും ഫാനുകളും ഉപയോഗിക്കുന്നത് കൂടിയതാണ് വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം കൂട്ടുന്നത്
2.രാത്രിയില്‍ മിക്ക വീടുകളിലും എല്ലാമുറികളിലും ലൈറ്റും ഫാനും ഉപയോഗിക്കുന്നതോടെ വൈദ്യുതി ഉപഭോഗം താങ്ങാനാകാതെ ട്രാന്‍സ് ഫോമറിലെ ഫ്യൂസും സബ് സ്റ്റേഷനുകളിലെ ഫീഡറുകളും തകരാറിലാകും
3.രാത്രിയില്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ ഡ്യൂട്ടിയ്ക്ക് ഒന്നോ രണ്ടോ പേര്‍മാത്രമേ ഉണ്ടാകൂ. തകരാറുകള്‍ വര്‍ദ്ധിക്കുന്നതോടെ എല്ലായിടത്തും ഓടിയെത്തി തകരാര്‍ പരിഹരിക്കുന്നതിന് കാലതാമസമുണ്ടാകും





