തിരുവനന്തപുരം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യ സാധ്യത തേടുന്നു.(PV Anwar in Delhi seeking Trinamool Congress’ support) തൃണമൂല്‍ നേതാക്കളുമായി ഡല്‍ഹിയില്‍ അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്തയാഴ്ച നടന്നേക്കും.
|
നിലമ്പൂരില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയായ പി.വി. അന്‍വര്‍ സി.പി.എമ്മുമായി ഇടഞ്ഞാണ് എല്‍.ഡി.എഫില്‍ നിന്ന് പുറത്തുവന്നത്. തുടര്‍ന്ന് എം.കെ സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡി.എം.കെ) ചേര്‍ന്നു പ്രവര്‍ത്തിക്കാനായി ചര്‍ച്ച നടത്തിയെങ്കിലും നീക്കം ഫലവത്തായില്ല. തമിഴ്‌നാട്ടില്‍ സി.പി.എം ഡി.എം.കെ മുന്നണിയുടെ ഭാഗമായത് അന്‍വറിന് തിരിച്ചടിയായി.
ഇതിന് പിന്നാലെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന കൂട്ടായ്മക്ക് രൂപം നല്‍കി അന്‍വര്‍ രംഗത്തെത്തി. മഞ്ചേരിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കൂട്ടായ്മയുടെ നിലപാടും ലക്ഷ്യവും അന്‍വര്‍ പ്രഖ്യാപിച്ചു.
തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണക്കുകയും ചെയ്തു.
യു.ഡി.എഫുമായി വിലപേശല്‍ നടത്താന്‍ ശ്രമിച്ച അന്‍വറിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തള്ളുകയായിരുന്നു. തുടര്‍ന്ന്, പാലക്കാട്ടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച അന്‍വറിന്റെ പിന്തുണയോടെ ചേലക്കരയില്‍ കെ.പി.സി.സി മുന്‍ സെക്രട്ടറി എന്‍.കെ സുധീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. തെരഞ്ഞെടുപ്പില്‍ നാലായിരത്തോളം വോട്ടുകള്‍ സുധീര്‍ പിടിച്ചു.


