22
Feb 2023
Wed
22 Feb 2023 Wed

അങ്കാറ: ഭൂകമ്പം കനത്ത നാശം വിതച്ച തുർക്കിയിലും സിറിയയിലുമായി മരണസംഖ്യ 7800 കടന്നു. തുർക്കിയിൽ മാത്രം 5800 ലേറെ പേർ മരിച്ചതായാണ് റിപ്പോർട്ട്. 40,000 ഓളം പേർ ചികിത്സയിലുണ്ട്. സിറിയയിൽ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുരാജ്യങ്ങളിലുമായി 20,000 ലേറെ പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. 5775 കെട്ടിടങ്ങൾ പൂർണമായി തകർന്നതായി തുർക്കി അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിലയിരുത്തൽ.

കൊടും തണുപ്പും മഴയും മോശം കാലാവസ്ഥയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും പലയിടങ്ങളിലും എത്താനായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി ബന്ധങ്ങളും പൂർണമായി താറുമാറായി. തുർക്കിയിലെ 10 പ്രവിശ്യകൾ ദുരിതബാധിതമായി പ്രഖ്യാപിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

രക്ഷാപ്രവർത്തനം വേഗത്തിൽ നടക്കുന്നത് ഉറപ്പാക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് പ്രസിഡന്റ് തയ്യിപ് എർദോഗൻ പറഞ്ഞു. തുർക്കി അധികൃതരുടെ കണക്കുപ്രകാരം മൂന്നു ശക്തമായ ഭൂചലനത്തിനൊപ്പം 285 തുടർചലനങ്ങളും ഉണ്ടായി. തുർക്കിയിലെ പ്രഭവകേന്ദ്രത്തിൽനിന്ന് 100 കിലോമീറ്റർ അകലെ സിറിയയിലെ ഹമയിൽ വരെ കെട്ടിടങ്ങൾ തകർന്നു.

ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്.