തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. പിന്നാലെ ഇന്നുതന്നെ പരമാവധി റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. നാളെ മുതല്‍ സാധാരണനിലയില്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
|
കമ്മീഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടര്‍ന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രിയുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയില്‍ നല്‍കണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.
വേതനപരിഷ്‌കരണമെന്ന വ്യാപാരികളുടെ ആവശ്യത്തില്‍ കൃത്യമായ ഉറപ്പു ലഭിക്കാതിരുന്നതോടെയാണ് ചര്‍ച്ച അലസിയത്. മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറക്ക് വേതന പരിഷ്‌കരണം പരിഗണിക്കാമെന്നായിരുന്നു മന്ത്രിമാരുടെ വാഗ്ദാനം.
എന്നാല്‍, കൃത്യമായ ഉറപ്പ് തന്നെ വേണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ചര്‍ച്ച അലസിയത്. ധനമന്ത്രി ബാലഗോപാല്‍ യോഗത്തില്‍ സജീവമായി പങ്കെടുത്തില്ലെന്നും ഭക്ഷ്യമന്ത്രി കഴിഞ്ഞദിവസത്തെ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നെന്നും സംഘടനാ നേതാക്കള്‍ കുറ്റപ്പെടുത്തി.
സംഘടന നേതാക്കളായ ജി. സ്റ്റീഫന്‍ എം.എല്‍.എ, ജോണി നെല്ലൂര്‍, ജി. കൃഷ്ണപ്രസാദ്, പി.ജി. പ്രിയന്‍കുമാര്‍, ടി. മുഹമ്മദലി, ടി. ശശിധരന്‍, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, സി. മോഹനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി), റേഷന്‍ ഡീലേഴ്‌സ് കോഓ ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Ration strike in the state called off; shops to open today





