27
May 2024
Sun
27 May 2024 Sun

തൊടുപുഴ: ഇന്നും നാളെയും ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു. ഇന്നുമുതല്‍ (19.5.2024) രാത്രി 7 മണി മുതല്‍ രാവിലെ 6 മണി വരെ മലയോരമേഖലകളില്‍ രാത്രി യാത്ര നിരോധിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ സാധ്യത കണക്കിലെടുത്ത് നിരോധനം.

ഇതര സംസ്ഥാനങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ടൂറിസം വകുപ്പിനും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ വിനോദ സഞ്ചാരമേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വിനോദസഞ്ചാര വകുപ്പ്, ഡിടിപിസി, ഹൈഡല്‍ ടൂറിസം, വനം വകുപ്പ് , കെഎസ്ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തേണ്ടതാണ്. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നല്‍കണം. ജില്ലയിലെ ഓഫ് റോഡ് സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.