18
Jul 2023
Tue
18 Jul 2023 Tue

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വലിയ വികസനമാണ് 15 വര്‍ഷം കൊണ്ട് ഉണ്ടായതെന്ന് വക്തമാക്കി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. 2006 മുതല്‍ 2021 വരെയുള്ള 15 വര്‍ഷ കാലയളവില്‍ 41 കോടി പേര്‍ ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയെന്ന് യുഎന്നിന് കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമും ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്റക്‌സും ചേര്‍ന്ന് പുറത്തിറക്കിയ ആഗോള ദാരിദ്ര്യ സൂചികയില്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍ 2006 – 2021 കാലഘട്ടത്തില്‍ 41 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. 2005 – 2006ല്‍ ഇന്ത്യയില്‍ ദാരിദ്ര്യം 55.1 ശതമാനം ആയിരുന്നെങ്കില്‍ 2019 – 2021 കാലത്ത് ഇത് 16.4 ആയി കുറഞ്ഞു. 64 കോടി പേരാണ് 2005 – 2006 വര്‍ഷത്തില്‍ ഇന്ത്യയില്‍ ദരിദ്രരായി ഉണ്ടായിരുന്നത്. 2021ല്‍ ആയപ്പോള്‍ ഇത് 23 കോടിയായും കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയെ കൂടാതെ 24 രാജ്യങ്ങള്‍ ദാരിദ്ര്യം കുറയ്ക്കുന്നതിന് നിര്‍ണായക ഇടപെടലുകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചൈന, കംബോഡിയ, കോംഗോ, ഹോണ്ടുറാസ്, ഇന്തോനേഷ്യ, മൊറോകോ, സെര്‍ബിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വലിയസംഭാവനനല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

110 രാജ്യങ്ങളിലെ 610 കോടി ജനങ്ങളില്‍ 110 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ആറ് പേരില്‍ അഞ്ചുപേര്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളില്‍ ദാരിദ്ര്യ നിരക്ക് 27.7 ശതമാനമാണ്. മുതിര്‍ന്നവരില്‍ 13.4 ശതമനമാണ്. 84 ശതമാനം ദരിദ്രരും ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.