30
Jun 2023
Thu
30 Jun 2023 Thu

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ. ഓപ്പറേഷൻ തിയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ടുള്ള മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ കത്ത് ചർച്ചയായതിന് പിന്നാലെയാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. ലോകത്ത് എല്ലായിടത്തും ഓപ്പറേഷൻ തിയറ്ററുകളിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി രോഗിയാണ്. രോഗിയുടെ സുരക്ഷിതത്വത്തിന്, അവർക്ക് അണുബാധ വരാതിരിക്കാൻ പ്രത്യേക പ്രോട്ടോകോൾ ലോകത്തെല്ലായിടത്തും ഉണ്ട്. അത് കാത്തു സൂക്ഷിച്ചു മുന്നോട്ടുപോകണം എന്നാണ് ഐഎംഎയുടെ അഭിപ്രായം- സുൾഫി നൂഹു പറഞ്ഞു.

2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളോട് കൂടിയതായിരുന്നു കത്ത്. ഈ വിഷയം ദേശീയമാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്തിരുന്നു.