30
Mar 2024
Sat
30 Mar 2024 Sat
riyas moulavi murder rss culprits escaped

കാസര്‍കോഡ്: കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിലെ വിധി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും പ്രമാദമായ കേസില്‍ ആര്‍എസ്എസുകാരായ മൂന്നു പ്രതികളെയും വെറുതെ വിട്ടതില്‍ നിയമവൃത്തങ്ങള്‍ പോലും അമ്പരപ്പ് പ്രകടിപ്പിക്കുന്നു. ( Riyas moulavi murder chronology; how the culprits escaped )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രൂരമായ കൊല നടത്തിയ പ്രതികള്‍ ചിരിച്ച് കൊണ്ട് കോടതിയില്‍ നിന്നിറങ്ങിപ്പോവാന്‍ കാരണക്കാര്‍ ആരെന്നതിനെ കുറിച്ച് വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിഷയം ഭരണപക്ഷത്തെ അടിക്കാനുള്ള ആയുധമാക്കുകയാണ് യുഡിഎഫ്. അതേസമയം, കേസിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടി അന്വേഷണം കാര്യക്ഷമമായിരുന്നുവെന്നും കോടതിയുടേതാണ് വീഴ്ച്ചയെന്നും സ്ഥാപിക്കാനാണ് എല്‍ഡിഎഫ് നേതാക്കളുടെ ശ്രമം.

90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസ്
സംഭവം നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച കേസാണ് റിയാസ് മൗലവിയുടെത്. സംസ്ഥാന ക്രൈം ബ്രാഞ്ചിലെ ഏറ്റവും പ്രഗത്ഭനായ ഉദ്യോഗസ്ഥനായ ഡോ. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ പഴുതടച്ച അന്വേഷണത്തില്‍ റിയാസ് മൗലവിയുടെ ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും സംതൃപ്തി പ്രകടിപ്പിച്ച കേസ്. പ്രഗല്‍ഭ ക്രിമിനല്‍ അഭിഭാഷകന്‍ കാഴിക്കോട്ടെ അഡ്വ. എം അശോകനായിരുന്നു കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
riyas moulavi murder culprits in court

ഒരു ദിവസം പോലും ജാമ്യമില്ല
ഏഴ് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയെ ഉള്‍പ്പെടെ പല തവണ ശ്രമിച്ചിട്ടും ഒരൊറ്റ ദിവസം പോലും പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി വിധിച്ച അപൂര്‍വമായ കേസ്. 97 സാക്ഷികള്‍, 45 വസ്തുക്കള്‍, ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള 200-ല്‍ അധികം രേഖകള്‍. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഒരൊറ്റ സാക്ഷി പോലും കൂറ് മാറാത്ത കേസില്‍ മറിച്ചൊരു വിധി വന്നത് എങ്ങിനെ എന്ന ചോദ്യമാണ് ഉയരുന്നത്.

ഗൂഢാലോചനയില്‍ അന്വേഷണമില്ല
ആര്‍എസ്എസുകാര്‍ പ്രതികളാവുന്ന മിക്ക കേസുകളിലും കേരള പോലീസ് സ്വീകരിക്കുന്ന പൊതുനിലപാട് റിയാസ് മൗലവി വധക്കേസിലും ഉണ്ടായിരുന്നു. നേരത്തേ മറ്റൊരു സംഭവത്തില്‍ മര്‍ദ്ദനമേറ്റതിന് പ്രതികാരമായി പ്രതികള്‍ മദ്യലഹരിയില്‍ ചെയ്തതാണ് കൊലപാതകമെന്ന് സമര്‍ത്ഥിക്കാനാണ് തുടക്കം മുതല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. നിരന്തരം വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നടക്കുന്ന ചൂരിയില്‍ സംഭവത്തന് പിന്നില്‍ സംഘപരിവാര ഗൂഢാലോചന ഉണ്ടാകാനുള്ള സാധ്യത പോലിസ് കൂടുതല്‍ അന്വേഷണം നടത്താതെ തള്ളിക്കളഞ്ഞു.

riyas moulavi murder rss workers police

ഷട്ടില്‍ ടൂര്‍ണമെന്റ് സ്ഥലത്തെ സംഘര്‍ഷം
സംഭവത്തെ ഒരു ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന സംഘര്‍ഷവുമായി ബന്ധപ്പെടുത്താനാണ് പോലീസ് ശ്രമിച്ചത്. കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തുവെച്ചുണ്ടായ മര്‍ദ്ദനമാണെന്നാണ് കേസ് അന്വേഷിച്ച കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനീവാസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.

മാര്‍ച്ച് 18ന് മീപ്പുഗിരിയില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റിനിടയിലുണ്ടായ പ്രശ്നത്തിനിടയിലാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിനിടയില്‍ ഇതിലൊരാളുടെ പല്ല് കൊഴിഞ്ഞിരുന്നു. പിന്നീട് പ്രതികള്‍ ബൈക്കിലെത്തി വാള്‍വീശിയപ്പോള്‍ ഇവര്‍ക്ക് നേരെ കല്ലേറുണ്ടായതായും പ്രതികള്‍ തിരിച്ച് കുപ്പിയെറിഞ്ഞതായും നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു.

ഇതിന് പ്രതികാരം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ മദ്യലഹരിയിലും കഞ്ചാവ് ലഹരിയിലും ബൈക്കില്‍ പഴയ ചൂരിയില്‍ എത്തിയത്. അജീഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി, കളിസ്ഥലത്തെ പ്രശ്നവുമായി ബന്ധമില്ലാതിരുന്ന റിയാസ് മൗലവിയെ നെഞ്ചിനും കഴുത്തിനും വെട്ടികൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പോലീസിന്റെ ഈ നിലപാട് കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
riyas moulavi murder sdpi march

മദ്യലഹരിയില്‍ പ്രതികള്‍ ഇത്രദൂരം എത്തിയതെങ്ങിനെ?
കേരളത്തില്‍ തന്നെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തെ ലാഘവത്തോടെയാണ് അന്വേഷണ സംഘം കാണുന്നതെന്ന് അന്ന് തന്നെ മുസ്ലിം ലീഗ്, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വൈകിട്ട് നാലു മണി മുതല്‍ മദ്യപിച്ച് ആരെയെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മുഖ്യപ്രതി താളിപ്പടുപ്പ് മുതല്‍ നടന്ന് വരുകയും കൂടെയുള്ള പ്രതികള്‍ മുഖ്യപ്രതിക്ക് പിന്നില്‍ ബൈക്കില്‍ സഞ്ചരിച്ചു എന്നുമുള്ള വാര്‍ത്തകളും സംശയം ജനിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

താളിപ്പടുപ്പ് മുതല്‍ കിലോ മീറ്ററുകള്‍ നടന്ന് വന്ന ഒരു പ്രതിക്ക് പിന്നാലെ രണ്ട് പ്രതികള്‍ ബൈക്കില്‍ പിന്തുടരുന്നു, കണ്ണില്‍ കണ്ട ആരെയെങ്കിലും വധിക്കണമെന്ന ഉദ്ദേശമായിരുന്നെങ്കില്‍ പ്രതികള്‍ എന്ത് കൊണ്ട് 12 മണി വരെ കാത്തിരുന്നു, തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

iuml leaders visti choori muhiyuddin masjid

റിയാസ് മൗലവി കൊല്ലപ്പെട്ട മുഹ്യുദ്ദീന്‍ മസ്ജിദില്‍ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കുന്നു

യുഎപിഎ ആവശ്യം സര്‍ക്കാര്‍ തള്ളി

വര്‍ഗീയത ഇളക്കിവടാന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് തന്നെ അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ സമ്മതിച്ചുവെങ്കിലും കേസില്‍ യുഎപിഎ ചുമത്താന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന് റിയാസ് മൗലവിയുടെ ഭാര്യ മടിക്കേരി ഹൊഡാബായിലെ എം.ഇ സൈദ ജില്ലാ സെഷന്‍സ് കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. റിയാസ് മൗലവിയോട് പ്രതികള്‍ക്ക് വ്യക്തിപരമായി വിരോധമൊന്നും ഉണ്ടായിരുന്നില്ലെന്നും ഒരു വിഭാഗത്തെ ഭീതിയിലാഴ്ത്താന്‍ വേണ്ടി തികച്ചും ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നും യുഎപിഎ ചുമത്തേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെങ്കിലും ആര്‍എസ്എസ് ഭീകര സംഘടനയല്ലാത്തതിനാല്‍ ഇത് ഭീകരാക്രമാണെന്ന് പറയാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. യുഎപിഎക്ക് കേരള സര്‍ക്കാര്‍ എതിരാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പോസ്റ്ററൊട്ടിച്ച കേസില്‍ പോലും യുഎപിഎ ചുമത്തിയ കേരള സര്‍ക്കാര്‍ എന്ത് കൊണ്ട് ഈ കേസില്‍ പിന്നോട്ടടിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രതികളെ ഒളിപ്പിച്ചതാര്?
ഒരു ബി ജെ പി സംസ്ഥാന നേതാവിന്റെ മംഗലാപുരം പ്രസംഗത്തിലെ കലാപ ആഹ്വാനവും, മംഗലാപുരത്ത് നിന്നുള്ള ഒരു ജന പ്രതിനിധി കാസര്‍കോട്ടെ പരിപാടിയില്‍ നടത്തിയ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗവും കൊലയാളികള്‍ക്ക് പ്രചോദനമായിട്ടുണ്ടെന്ന് അന്ന് തന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികള്‍ക്ക് വേണ്ടി ഊര്‍ജിതമായി പോലീസ് വല വീശിയന്വേഷിക്കുമ്പോള്‍ കൊല നടന്നതിന്റെ തൊട്ടടുത്ത പ്രദേശത്ത് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാണ് ഇവരെ പോലീസ് പിടികൂടിയത്. ഈ മൂന്ന് ദിവസം ഇവര്‍ക്ക് സംരക്ഷണം നല്‍കിയതാരാണെന്ന ചോദ്യമാണ് ഉയരുന്നത്. പ്രദേശത്തെ സംഘപരിവാര നേതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഇതിന് പിന്നില്‍ വ്യക്തവും തന്ത്രപരവുമായ ഗൂഡാലോചന ഉണ്ടെന്നതിന്റെ തെളിവാണ് റിയാസ് മൗലവിയെ ലക്ഷ്യമാക്കി പ്രതികള്‍ ആരാധനാലയത്തിലേക്ക് അതിക്രമിച്ച് കയറി കൃത്യം നടത്തിയത്.

riyas moulavi wife

എന്നിട്ടും പ്രതികള്‍ വിട്ടയക്കെപ്പട്ടു?
ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെട്ട കേസില്‍, ഇത്രയും തെളിവുകളുള്ള കേസില്‍ എങ്ങനെയാണ് പ്രതികളെ വെറുതെ വിടാനാവുക എന്നാണ് റിയാസ് മൗലവിയുടെ കുടുംബം ചോദിക്കുന്നത്. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് തന്നെയാണ് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്.