27
Feb 2024
Thu
27 Feb 2024 Thu
RIYAS MOULAVI MURDER

റിയാസ് മൗലവിയെ ആര്‍.എസ്.എസ്സുകാര്‍ കൊന്ന കേസിലെ വിധി ഇന്ന്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാസര്‍ഗോഡ്: ചൂരിയിലെ മദ്‌റസ അധ്യാപകന്‍ റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡയിലെ അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് പ്രതികള്‍. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴ് വര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവിയെ ആര്‍.എസ്.എസ് സംഘം കഴുത്തറുത്ത് കൊന്നത്. പള്ളിയിലെ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് പ്രതികള്‍ കൃത്യം നടത്തിയത്.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുന്ന എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു. അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

90 ദിവസത്തിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലിസിനായിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ അന്വേഷണ സംഘം പ്രതികളെ പിടികൂടിയിരുന്നു. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

കേസ് ഏറ്റവും ഒടുവില്‍ പരിഗണിച്ച ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ഇന്ന് വിധി പറയുക. മുമ്പ് ഏഴ് ജഡ്ജിമാരാണ് കേസ് പരിഗണിച്ചത്.