കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം; മീന്‍ വില്‍പ്പനക്കാരന്‍ മജീദ് ഒരുദിവസം കൊണ്ട് കോടിപതി
|
കൊച്ചി: കടമായി വാങ്ങിയ ഭാഗ്യക്കുറിക്ക് ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചതോടെ ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തിവരികയായിരുന്ന മജീദ് ഒരുദിവസം കൊണ്ട് കോടിപതിയായി. അയിലൂര്‍ തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ എസ്. മജീദ് ആണ് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. എഫ്.എക്‌സ്. 492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക് 8000 രൂപ വീതം സമാശ്വാസസമ്മാനവും മജീദീന് ലഭിക്കും. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്ന് ബാങ്കില്‍ ഏല്‍പ്പിക്കും.
ബുധനാഴ്ച രാവിലെ കയറാടിയില്‍ ലോട്ടറിവില്‍പ്പന നടത്തുന്ന കരിങ്കുളത്തെ ആര്‍. ചെന്താമരയില്‍നിന്ന് കടമായി വാങ്ങിയ ടിക്കറ്റിലാണ് ഭാഗ്യം കടാക്ഷിച്ചത്. ആദ്യവില്‍പ്പനയായതിനാല്‍ 10 രൂപ നല്‍കി. ബാക്കി 240 രൂപ മീന്‍ വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞാണ് 50 രൂപ വിലയുള്ള ഒരേ നമ്പറുകളിലുള്ള അഞ്ച് ടിക്കറ്റുകള്‍ വാങ്ങിയത്. വില്‍പ്പന കഴിഞ്ഞ് മടങ്ങിവരുന്ന വഴി ബാക്കി തുക നല്‍കുകയും ചെയ്തു.
നെന്മാറയിലെ ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റുകള്‍ വാങ്ങിയാണ് ചെന്താമര സ്‌കൂട്ടറില്‍ കച്ചവടം നടത്തുന്നത്. സമ്മാനത്തുകയുടെ 10 ശതമാനം വില്‍പ്പനക്കാരനും ലഭിക്കും. ലൈലയാണ് മജീദിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.
നാലു വര്‍ഷമായി മീന്‍ കച്ചവടം നടത്തുന്ന മജീദ് 20 വര്‍ഷമായി ലോട്ടറിയെടുക്കുന്നുണ്ട്. ചെറിയ തുകയുടെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണെന്ന് മജീദ് പറഞ്ഞു.





