26
Apr 2024
Mon
26 Apr 2024 Mon
umer faizy mukkam sadikali thangal

മലപ്പുറം: തിരഞ്ഞെടുപ്പ് സമയമായതിനാല്‍ സമസ്തയുമായി തല്‍ക്കാലം തര്‍ക്കത്തിനില്ലെന്ന് സൂചിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം ഉന്നയിച്ച കാര്യങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ക്ക് ഈ സമയത്ത് മറുപടി നല്‍കുന്നതും ചര്‍ച്ച ചെയ്യുന്നതും ശരിയല്ല. ഫാസിസത്തിനെതിരെ രാജ്യം നേരിടുന്ന വെല്ലുവിളികള്‍ തരണം ചെയ്യുന്ന പോരാട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ( Sadikhali Thangal indicated that there is no war with Samasta for the time being )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിം ലീഗും സമസ്തയും തമ്മില്‍ പല കാര്യങ്ങളിലും കടുത്ത ഭിന്നതയുണ്ടെന്നു സമസ്തയും പാണക്കാട് തങ്ങള്‍ കുടുംബവുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന രീതിക്ക് ഇപ്പോള്‍ മാറ്റമുണ്ടായെന്നും കഴിഞ്ഞ ദിവസം ഉമര്‍ ഫൈസി പറഞ്ഞിരുന്നു. സുന്നീ വിരുദ്ധ സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കരുതെന്ന സമസ്ത നിലപാടിനോട് പഴ കാലങ്ങളില്‍, പാണക്കാട് കുടുംബം ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ യോജിച്ച് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ഇന്ന് അതില്‍ മാറ്റമുണ്ടായി. ലീഗ് സെക്രട്ടറി സമസ്തക്കെതിരെ വിവരക്കേട് വിളിച്ചുപറയുന്നു. ഇതില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് രോഷമുണ്ട്. സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്റെ പരസ്യം കൊടുക്കുന്നതില്‍ തെറ്റെന്താണെന്നും ഉമര്‍ ഫൈസി ചോദിച്ചു.

ഹൈദരലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ഹംസ പറഞ്ഞ ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. ഉത്തരവാദപ്പെട്ടവര്‍ ഇതേക്കുറിച്ച് എന്തു കൊണ്ട് വിശദീകരണം നല്‍കുന്നില്ലെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു.

എന്നാല്‍, സമസതയിലെ ചില നേതാക്കള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളോട് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അകലെ നില്‍ക്കെ ഉമര്‍ ഫൈസിയെപ്പോലുള്ളവര്‍ ഇടുന്ന ചൂണ്ടയില്‍ കൊത്തുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന നിലപാടിലാണ് ലീഗ്. സുപ്രഭാതം പത്രം കത്തിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉടലെടുത്തിട്ടുള്ള ഭിന്നത കൂടുതല്‍ മൂര്‍ഛിക്കാതെ സൂക്ഷ്മതയോടെ നീങ്ങാനാണ് ലീഗ് തീരുമാനം.