|
അന്തരിച്ച ചേലക്കാട് മുഹമ്മദ് മുസ് ലിയാരെ സഫാരി ഗ്രൂപ്പ്- യുഎഇ മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അനുസ്മരിക്കുന്നു
അറിവിന്റെ ആഴം തിരിച്ചറിഞ്ഞ അത്ഭുതപ്രതിഭയാണ് വിടപറഞ്ഞ ചേലക്കാട് മുഹമ്മദ് മുസ് ലിയാർ. ഒരു പിതാവിനെ പോലെ കൂടെനിൽക്കുകയും പ്രതിസന്ധികളിൽ ദിശാബോധം നൽകുകയും ചെയ്ത അദ്ദേഹം എന്റെ ആത്മീയ നേതാവുകൂടിയാണ്. ജ്ഞാനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന പ്രവാചകാധ്യാപനങ്ങൾ അദ്ദേഹം ജീവിതത്തിൽ പകർത്തിയതായി കാണാം. ജീവിതത്തിലുടനീളം സൂക്ഷ്മതയും ഭയഭക്തിയും പുലർത്തിയ ഉസ്താദ് ആത്മീയത വെളിച്ചം തേടി തന്നെ സമീപിക്കുന്നവർക്കും അറിവിന്റെയും ആത്മീയതയുടേയും നാമ്പുകൾ പകർന്നു നൽകി. പ്രാർഥനകൾ കൊണ്ടായിരുന്നു ഉസ്താദ് എന്റെ ജീവിതത്തെ കെട്ടിപ്പടുത്തത്. സംസാരിക്കുമ്പോഴെല്ലാം ആബിദ്ക്കാ എന്നു വിളിച്ച് അദ്ദേഹം ലാളിത്യത്തിന്റെ പ്രതീകമായി മാറി. ബിസിനസിനെ കുറിച്ചും കുടുംബത്ത കുറിച്ചും എല്ലായ്‌പ്പോഴും ചോദിച്ചറിഞ്ഞു.
പ്രയാസങ്ങൾക്ക് പ്രാർഥനകൾകൊണ്ട് കവചം തീർത്തു. ബിസിനസ് മേഖലയിലെയും സാമൂഹ്യ ചുറ്റുപാടുകളിലെയും പ്രയാസങ്ങൾ എങ്ങനെ തരണം ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാകും ഉസ്താദിന്റെ വീട്ടിലേക്കുള്ള വരവ്. ആ പ്രയാസം പലരിൽനിന്നും കേട്ടറിഞ്ഞുള്ള വരവ്. വീട്ടിലെത്തി ആത്മാർഥമായി പ്രാർഥിക്കും. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മീയമായ വഴിപറഞ്ഞുതരും. ഉപദേശനിർദേശങ്ങൾ നൽകും. പിരിഞ്ഞുപോകുമ്പോഴേക്കും മനസിൽ മഞ്ഞുരുകുകയായി. അത്രമേൽ രൂഢമൂലമായിരുന്നു ആ ബന്ധം.
ഭൗതികതയോട് താൽപര്യമൊന്നുമില്ലാതെ, ആൾക്കൂട്ടങ്ങളിൽ നിന്നകന്ന് അദ്ദേഹം ജീവിച്ചു. പണ്ഡിതദൗത്യം കൃത്യമായി നിർവഹിച്ചു. നീണ്ട പതിനേഴ് വർഷത്തോളം അറിവ് നുകരാൻ വേണ്ടി മാത്രം ജീവിതം ചെലവഴിച്ചു, അദ്ദേഹം. പതിനേഴ് വർഷത്തെ പഠന ജീവിതത്തിനൊടുവിൽ ഉസ്താദ് നിരവധി വിഷയങ്ങളിൽ അവഗാഹമുള്ള പണ്ഡിതനും അതിലുപരി ആത്മീയപാത വെട്ടിത്തെളിച്ച സൂക്ഷ്മതയും ഭയഭക്തിയും നിറഞ്ഞ മഹാപുരുഷനുമായി മാറി.
തുറക്കപ്പെട്ട വാതിലുകളിലൂടെ ആത്മീയതയുടെ വെളിച്ചം തേടി തിരിഞ്ഞു നോക്കാതെയുള്ള യാത്രയായിരുന്നു ഉസ്താദിന്റെത്. ജീവിതത്തിലുടനീളം ഔലിയാക്കളെയും നബി കുടുംബത്തെയും സ്നേഹിക്കുകയും അവരെ സന്ദർശിക്കുകയും ചെയ്തു. മഹാൻമാരുടെ മസാറുകൾ സന്ദർശിക്കൽ ഉസ്താദിന്റെ പതിവായിരുന്നു.
നിരവധി ആത്മീയ സദസുകൾക്കാണ് ഉസ്താദ് നേതൃത്വം നൽകിയിരുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് കരകാണാതുലയുന്ന കപ്പൽ പോലെ പാപപങ്കിലമായ ആത്മാവിനെയും മനസിനെയും ശുദ്ധീകരിക്കാൻ ആയിരങ്ങളാണ് ഉസ്താദിന്റെ സന്നിധിയിലേക്ക് ഒഴുകിയത്. വെളിച്ചം തേടിയെത്തിയവർക്കെല്ലാം ആത്മീയ പ്രകാശത്തിന്റെ ജാലകങ്ങൾ തുറന്നുകൊടുത്തു.



