കോഴിക്കോട്: മുസ്ലിം ലീഗുമായുള്ള അഭിപ്രായ ഭിന്നത സമസ്തയിലെ നേതാക്കള്‍ തമ്മിലുള്ള ഭിന്നതയിലേക്ക്. ലീഗിന് അനുകൂലമായി ചാനലില്‍ പ്രതികരിച്ചതിന് മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ നദ്‌വിയോട് വിശദീകരണം തേടിയത് അസാധാരമെന്ന അഭിപ്രായവുമായി നേതാക്കളില്‍ ഒരുവിഭാഗം രംഗത്തെത്തി. (Samastha ineternal dispute)
|
സുപ്രഭാതത്തിന് നയമാറ്റമുണ്ടായെന്ന് ചാനലുകളോട് സംസാരിച്ചതിന് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പാണ് മുശാവറ അംഗവും സുപ്രഭാതം എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ നദ്‌വിയോട് നേതൃത്വം വിശദീകരണം തേടിയത്. 48 മണിക്കൂറിനകം വിശീദകരണം നല്‍കണമെന്ന ആവശ്യം അസാധാരണമെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്. സമസ്തയുടെ പരമ്പരാഗത നിലപാടുകള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയ നിലപാടടക്കം ചാനലുകളോട് സംസാരിച്ച ഉമര്‍ഫൈസി മുക്കത്തോട് എന്ത്‌കൊണ്ട് വിശദീകരണം ചോദിച്ചില്ല എന്നാണ് ഒരു വിഭാഗം നേതാക്കള്‍ ചോദിക്കുന്നത്.
സമസ്ത നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉയര്‍ത്തിയത്. മത നിഷേധികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്തയെന്നും . അടുത്ത കാലത്തായി അതിനു മാറ്റങ്ങള്‍ വന്നതിന് തെളിവാണ് സുപ്രഭാതം ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങെന്നും നദ്വി പറഞ്ഞു. ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. നിരീശ്വരവാദിയായ ഒരാള്‍ക്ക് തക്ബീര്‍ ചൊല്ലി പിന്തുണ നല്‍കുന്നത് ബുദ്ധിശൂന്യമാണ്.
സുപ്രഭാതത്തിന് മാര്‍ഗഭ്രംശം സംഭവിച്ചതു കൊണ്ടാണ് ഗള്‍ഫ് എഡിഷന്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ചാണ് സമസ്ത നേതൃത്വം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയോട് ധൃതി പിടിച്ച് വിശദീകരണം തേടിയത്.
എന്നാല്‍, മുസ്ലിം ലീഗുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ബഹാഉദ്ദീന്‍ നദ്‌വിക്കെതിരെ നടപടിയുണ്ടായാല്‍ അത് സംഘടനക്കകത്ത് കൂടതല്‍ പൊട്ടിത്തെറികള്‍ക്ക് കാരണമാകും. ഇതിനിടെ ഉമര്‍ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ മുഖ്യമന്ത്രിയുമായി നടത്തി കൂടിക്കാഴ്ചയും വിവാദത്തിലായിട്ടുണ്ട്. വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് കൂടിക്കാഴ്ചയെങ്കിലും കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അധ്യാപക നിയമനക്രമക്കേട് വിഷയം ചര്‍ച്ച ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വിമര്‍ശത്തിന് ഇടയാക്കി.
ബന്ധുക്കള്‍ക്കായി സമസ്തയുടെ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം ഹമീദ് ഫൈസിയുടെ എതിര്‍ചേരിയില്‍ നില്‍ക്കുന്നവര്‍ സജീവ ചര്‍ച്ചയാക്കിയിട്ടുണ്ട്.
ബഹാഉദ്ദീന്‍ നദ്വിക്ക് ലീഗ് പ്രേമമെന്ന് കെ ടി ജലീല്‍
സമസ്ത മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വിക്കെതിരെ വിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. ബഹാഉദ്ദീന്‍ നദ്വിക്ക് സിപിഐഎം വിരോധവും ലീഗ് പ്രേമവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു. സുപ്രഭാതത്തില്‍ വേലി തന്നെ വിള തിന്നുകയാണ്. യുഡിഎഫിലെ നിരീശ്വരവാദികളെ നദ്വി എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്ന് ചോദിച്ച ജലീല്‍ യുഡിഎഫ് നേതാക്കളെ തക്ബീര്‍ ചൊല്ലി പിന്തുണച്ചപ്പോള്‍ എതിര്‍ത്തില്ലെന്നും ആരോപിച്ചു.





