മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത പ്രമേയം. നാല്‍പ്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറത്ത് പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ടെന്ന് പ്രമേയത്തില്‍ വിശദീകരിക്കുന്നു. കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ ഉമര്‍ ഫൈസി മുക്കമാണ് പ്രമേയം അവതരിപ്പിച്ചത്.
|
ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജില്ലാ പുനനിര്‍ണയം നടത്തണമെന്നും സമസ്ത ആവശ്യപ്പെട്ടു. കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണ്. മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാരൂപീകരണം അത്യന്താപേക്ഷിതമാണ്.
പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും. രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാര്‍ത്ഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.


