26
Dec 2025
Thu
26 Dec 2025 Thu
sangh parivar attack against xmas

പ്രതിഷേധങ്ങളോ വിമര്‍ശനങ്ങളോ വകവയ്ക്കാതെ ക്രിസ്മസ് രാവിലും അഴിഞ്ഞാടി സംഘപരിവാരം. ഡല്‍ഹിയിലെ ലജ്പത് നഗറില്‍ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദള്‍ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവില്‍നിന്ന് വിശ്വാസികളെ ആട്ടിയോടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നല്‍ബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്‌കൂളില്‍ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ അക്രമി സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങള്‍ നശിപ്പിച്ച് തീയിട്ടു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂര്‍ മാഗ്‌നെറ്റോ മാളില്‍ ബജ്റംഗ്ദള്‍ നേതൃത്വത്തില്‍ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചു.

ഡല്‍ഹിയിലെ ലജ്പത് നഗറില്‍ സാന്താക്ലോസ് തൊപ്പികള്‍ ധരിച്ച് ക്രിസ്മസ് ആഘോഷിക്കുന്ന വിശ്വാസികളെ, മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവര്‍ അധിക്ഷേപിച്ചത്. ‘നിങ്ങളുടെ സ്വന്തം വീടുകളില്‍ ആഘോഷിക്കൂ’ എന്ന് ആക്രോശിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആഘോഷം തടഞ്ഞത്.

ALSO READ: ബിജെപിക്ക് എട്ടിന്റെ പണിയായി എസ്‌ഐആര്‍; തൃശൂരിലെ സുരേഷ് ഗോപിയുടെ ജയം സംശയത്തിന്റെ നിഴലില്‍

ഡല്‍ഹിയില്‍ ക്രിസ്മസ് പ്രാര്‍ഥന നടക്കുന്ന പള്ളിക്കു മുന്നില്‍ സംഘപരിവാര പ്രവര്‍ത്തകരെത്തി ഹനുമാന്‍ ചാലിസ ചൊല്ലി.

അതേസമയം, ചില വ്യക്തികള്‍ തമ്മിലുള്ള ചെറിയ കശപിശയാണിതെന്ന് പറഞ്ഞ് ഡല്‍ഹി പൊലീസ് സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു. ‘വിഷയം അവര്‍തന്നെ അവിടെവെച്ച് തന്നെ രമ്യമായി പരിഹരിച്ചു. സ്ഥിതിഗതികള്‍ വഷളായിട്ടില്ല. പ്രദേശം പൂര്‍ണമായും സമാധാനപരവും സാധാരണവുമായി തുടര്‍ന്നു’ -ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമന്ത് തിവാരി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ‘സംഭവത്തിന് സാമുദായികമോ മതപരമോ ആയ ഒരു വശവുമില്ല. അങ്ങനെ ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും തെറ്റിദ്ധരിപ്പിക്കുന്നതാണ്’ -പൊലീസ് ഔദ്യോഗിക വിശദീകരണത്തില്‍ പറഞ്ഞു.