30
Aug 2023
Wed
30 Aug 2023 Wed

വിശ്വാസം പ്രധാനമാണ്; ഇതുവരെ മിണ്ടാതിരുന്നത് എരിതീയില്‍ എണ്ണയൊഴിക്കേണ്ടെന്ന് കരുതി: നിലപാട് വ്യക്തമാക്കി വിഡി സതീശന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസ്താവന വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതായി പോയെന്നും മിണ്ടാതിരുന്നത് എരിതീയില്‍ എണ്ണയൊഴിക്കേണ്ടെന്ന് കരുതിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്പീക്കര്‍ നിലപാട് തിരുത്തണം. ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കണം. സ്പീക്കറുടെ ഭാഗത്ത് ജാഗ്രത ഉണ്ടായില്ല. വിശ്വാസത്തില്‍ സ്റ്റേറ്റ് ഇടപെടരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും സതീശന്‍ പറഞ്ഞു.

ശാസ്ത്രബോധവും മതവിശ്വാസവും കൂട്ടിക്കുഴക്കേണ്ട. ബിജെപിയും ആര്‍എസ്എസും അവസരം ഉപയോഗപ്പെടുത്തുന്നു. സിപിഎം ഈ വിഷയം കൈകാര്യം ചെയ്ത രീതി വിസ്മയപ്പെടുത്തി. എരീതിയില്‍ എണ്ണ ഒഴിക്കുന്ന പ്രസ്താവനകളാണ് നടത്തിയത്. കോണ്‍ഗ്രസ് ഇതുവരെ പ്രതികരിക്കാതിരുന്നത് മനപ്പൂര്‍വ്വമാണ്. എരിതിയില്‍ എണ്ണ ഒഴിക്കേണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇപ്പോള്‍ വിഷയങ്ങള്‍ കൈവിട്ടുപോയതുകൊണ്ടാണ് പ്രതികരിക്കുന്നത്.

സിപിഎം നേതാക്കളെല്ലാം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വെള്ളമൊഴിച്ച് തണുപ്പിക്കാന്‍ ആണ് ശ്രിക്കേണ്ടത്. കെട്ടടങ്ങി പോകേണ്ട ഒരു വിഷയത്തെ ആളിക്കത്തിച്ചതും സിപിഎം ആണ്. വിശ്വാസികള്‍ക്ക് ഒപ്പമാണ് കോണ്‍ഗ്രസ്. വിശ്വാസത്തെ മുറിപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ല. ബിജെപിയെ തിരിച്ചറിയാനുള്ള ശേഷി എന്‍എസ്എസിനുണ്ട്. വിവിധ സംഘടനകള്‍ ഒന്നിച്ചു പോയി പ്രതിഷേധിക്കേണ്ട സാഹചര്യം ഒഴിവാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. ഇന്ന് തന്നെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണം. കോണ്‍ഗ്രസിന് ഇതില്‍ രാഷ്ട്രീയ മുതലെടുപ്പില്ല. വോട്ടും വേണ്ട. ന്യൂനപക്ഷം ആണെങ്കിലും ഭൂരിപക്ഷം ആണെങ്കിലും ഒരു വര്‍ഗീയവാദികളെയും പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര ബോധത്തെ മതവിശ്വാസവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു. ഈ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. എരിതീയില്‍ എണ്ണയൊഴിക്കേണ്ടെന്ന് കരുതി മിണ്ടാതിരിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും സതീശന്‍ പറഞ്ഞു.

ഒരു ശാസ്ത്രബോധവും ഒരു മതഗ്രന്ഥങ്ങളിലും പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാത്തതാണ്. പരസ്പരബഹുമാനത്തോടെ വിശ്വാസങ്ങളെ കാണണം. ആയുധം കൊടുത്ത പ്രസ്താവനയാണ് സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായത്. ബിജെപി ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. സംസ്ഥാനം ഭരിക്കുന്ന സിപിഎം കുറച്ച് കൂടി ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍ അവരും അത് ആളിക്കത്തിക്കാന്‍ ശ്രമിച്ചു. എരിതീയില്‍ എണ്ണയൊഴിക്കുന്ന പ്രസ്താവനയാണ് സിപിഎം നടത്തിയത്. ബിജെപിയും സിപിഎമ്മും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

സംഘപരിവാര്‍ ശക്തികള്‍ക്ക് കീഴടങ്ങാത്ത സംഘടനയാണ് എന്‍എസ്എസ്. പണം കൊടുത്ത് സ്വാധിനിക്കാനോ കേസ് എടുത്ത് ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞോ എന്‍എസ്എസിനെ സ്വാധീനിക്കാന്‍ പറ്റില്ലെന്നും സതീശന്‍ പറഞ്ഞു. ഈ വിഷയം ഇന്നുകൊണ്ട് അവസാനിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും സതീശന്‍ പറഞ്ഞു.