മലയാളിയെ കുത്തിക്കൊന്ന് പണം കവര്‍ന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. 2021 ആഗസ്ത് ഒന്നിന് ജിദ്ദയില്‍ വച്ച് മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി കുഞ്ഞലവി നമ്പീടത്ത് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ പൗരന്‍ അഹ്‌മദ് ഫുവാദ് അല്‍ സയ്യിദ് അല്‍ ഉവൈസിയെയാണ് മക്കയില്‍ വച്ച് തലവെട്ടി കൊന്നത്.
|
ട്രക്കില്‍ കയറിയാണ് പ്രതി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുഞ്ഞലവിയെ കുത്തിക്കൊന്നത് .ഇതിനുശേഷം പണം കവര്‍ന്ന് കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി പിന്നീട് അപ്പീല്‍ കോടതിയും സുപ്രിം കോടതിയും ശരിവച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവും വധശിക്ഷയ്ക്ക് അനുമതി നല്‍കിയോടെയാണ് ശിക്ഷ നടപ്പാക്കിയത്.
ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിരുന്നു കുഞ്ഞലവി. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലിലാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ കുഞ്ഞലവിയെ മരിച്ചനിലയില്‍ കണ്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍ വച്ചാണ് സുരക്ഷാവിഭാഗം പ്രതിയെ പിടികൂടിയത്.


