മക്ക: സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ സൗദി ദമ്പതികള്‍ക്ക് മക്കയില്‍ വധശിക്ഷ നടപ്പാക്കി. പീഡിപ്പിച്ചും, പട്ടിണിക്കിട്ടും, തടവിലാക്കിയും, ശ്വാസം മുട്ടിച്ചുമാണ് ഇവര്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് റിപോര്‍ട്ട്.
|
സ്വദേശികളായ ദൈഫ് അല്ലാഹ് ബിന്‍ ഇബ്രാഹീം അല്‍ ശംറാനി, സാറാ ബിന്‍ത് ദല്‍മഖ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ശംറാനി എന്നിവര്‍ക്കാണ് വധശിക്ഷ.
മകളുടെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ വിദഗ്ധ അന്വേഷണത്തില്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. മതിയായ തെളിവുകള്‍ സഹിതം പ്രോസിക്യൂഷന് കൈമാറിയ കേസില്‍ കീഴ്‌കോടതിയും ശേഷം അപ്പീല്‍ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു.
സഹായിക്കാനോ പിന്തുണക്കാനോ ആരുമില്ലാത്തതും സഹായം അഭ്യര്‍ഥിക്കാന്‍ കഴിയാത്തതുമായ ഒരു പെണ്‍കുട്ടിക്കെതിരേയാണ് മാതാപിതാക്കളുടെ ക്രൂരതയെന്നത് കുറ്റകൃത്യത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവിധ സമയങ്ങളില്‍ ആവര്‍ത്തിച്ചുള്ള പീഡനം, കുറ്റകൃത്യങ്ങളുടെ ആഴമേറിയ സ്വഭാവം തുടങ്ങിയവ കണക്കിലെടുത്താണ് വധശിക്ഷ വിധിക്കുന്നതെന്ന് വിധിന്യായത്തില്‍ പറയുന്നു.
നിരപരാധികളെ ആക്രമിക്കുകയോ, അവരുടെ രക്തം ചിന്തുകയോ, അവര്‍ക്ക് ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും നിയമത്തിന്റെ പിടിവീഴും. സുരക്ഷ നിലനിര്‍ത്തുന്നതിനും നീതി കൈവരിക്കുന്നതിനും ദൈവത്തിന്റെ ന്യായവിധികള്‍ നടപ്പാക്കുന്നതിനുമുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം എല്ലാവരെയും ഉണര്‍ത്തി. നിയമപരമായ ശിക്ഷ അവരുടെ വിധിയായിരിക്കുമെന്ന് അത്തരമൊരു കാര്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പും നല്‍കി.


