തിരുവനന്തപുരം: കാട്ടാക്കടയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്. (SDPI-CPM clash in Kattakada; Five people were injured) സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം. നാലു പേര്‍ പിടിയില്‍.
|
രാത്രി എട്ടിന് കട്ടയ്‌ക്കോട് ഫുട്‌ബോള്‍ മൈതാനത്ത് വച്ചാണ് സംഭവങ്ങളുടെ തുടക്കം. ഇവിടെ കളിക്കാനെത്തിയ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദലിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുയായിരുന്നുവെന്ന് പ്രദേശിവാസികള്‍ പറയുന്നു. സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, ആറ് മാസം മുന്‍പ് കിള്ളിയില്‍ വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയാണ് സെയ്ദലിയെന്നും ഇയാള്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കാട്ടാക്കട പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് സിപിഎം പറയുന്നത്. പൊലീസ് എത്തിയതോടെ ഓടിരക്ഷപ്പെട്ട എസ്ഡിപിഐക്കാര്‍ ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരായ അമല്‍, അഖില്‍ എന്നിവരെ ആക്രമിച്ചതായും സിപിഎം ആരോപിക്കുന്നു.
പരിക്കേറ്റവരെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ വച്ചും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്നാണ് ആശുപത്രിക്ക് സമീപത്തുള്ള സിപിഐഎം കാട്ടാക്കട ഏരിയാ കമ്മിറ്റി ഓഫീസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനു നേരെ ആക്രമണം നടന്നത്. ഓഫിസിന് പുറത്ത് കാരംസ് കളിക്കുകയായിരുന്നുവര്‍ക്കിടയിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കയറ്റിയതായും ഏരിയാ കമ്മിറ്റി ഓഫീസിലെ മേശയും അലമാരയും അക്രമികള്‍ തല്ലി തകര്‍ത്തതായും സിപിഎം ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കിള്ളി സ്വദേശികളായ മുനീര്‍, നിഷാദ്, പേഴുംമൂട് സ്വദേശി അമീന്‍, ചൂണ്ടുപലക സ്വദേശി അല്‍ അമീന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.





