26
Jul 2024
Tue
26 Jul 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ എട്ടാംദിനത്തിലേക്ക് കടക്കുന്നു. ഇന്ന് കരയിലെ തിരച്ചിൽ മതിയാക്കി പുഴയിലാണ് തിരച്ചിൽ നടത്തുക. പുഴയിൽ നാൽപ്പത് മീറ്റർ ഉള്ളിലേക്ക് മാറി കണ്ടെത്തിയ സിഗ്നലിനെ അടിസ്ഥാനമാക്കിയായിരിക്കും തിരച്ചിൽ. വൻതോതിൽ ഇടിഞ്ഞുവീണ മണ്ണിനൊപ്പം ലോറി ഗംഗാവലി നദിയിലേക്ക് വീണിരിക്കാമെന്നാണ് അനുമാനം. പുഴയിലെ തിരച്ചിലിൽ നിർണായക ഘട്ടം ആണ്.

കുന്നോളം പ്രതീക്ഷകളുമായി ഷിരൂരിലെ ദേശീയപാതയിലെ ഏഴാം ദിവസത്തെ തിരച്ചിലിനൊടുവിൽ അർജുനും ട്രക്കും കരയിലില്ലെന്ന നിഗമനത്തിൽ ആണ് സൈന്യം. അതിനാൽ കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ചായിരിക്കും ഇന്ന് അർജുനായുള്ള തെരച്ചിൽ തുടരുക.
ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണിൽ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളിക്കളകളയാനാകില്ലെന്ന് സൈന്യം വ്യക്തമാക്കി.

ലോറി റോഡിലുണ്ടാകാനുള്ള സാധ്യതയില്ലെന്ന് കർണാടക സർക്കാർ ഞായറാഴ്ച വ്യക്തമാക്കിയെങ്കിലും സംശയ സാധ്യത ഒഴിവാക്കാനായി ട്രക്ക് നിർത്തിയിട്ടിരുന്ന ഭാഗത്ത് സൈന്യം ഇന്നലെയും പരിശോധന നടത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടിടത്തായി സിഗ്നൽ ലഭിച്ചത് പ്രതീക്ഷ ഉയർത്തിയെങ്കിലും വൈകിട്ടോടെ ട്രക്ക് റോഡിലില്ലെന്ന് സൈന്യവും ഉറപ്പിച്ചു.

കരയിലെ തിരിച്ചിൽ സൈന്യവും അവസാനിപ്പിച്ചതായാണ് സൂചന. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം ഗംഗാവലി പുഴയിൽ അടഞ്ഞു കൂടിയ മൺതിട്ടയ്ക്കുള്ളിൽ നിന്ന് സിഗ്നൽ ലഭിച്ചതായി വിവരമുണ്ട്. കരയിൽനിന്ന് 40 മീറ്റർ അകലെയായാണ് സിഗ്നൽ ലഭിച്ചത്. ഒഴുകിയെത്തിയ കൂറ്റൻപാറക്കല്ലുകൾക്കും മണ്ണിനുമടിയിൽ ട്രക്ക് മൂടപ്പെട്ടിരിക്കാമെന്നാണ് നാവികസേനയും കരുതുന്നത്.

പുഴയിലെ കനത്ത ഒഴുക്ക് തിരച്ചിലിന് തിരിച്ചടി ആകും. നാവികസേന ഇന്ന് സിഗ്നൽ കിട്ടിയ സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തും. വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേറ്റർ 120, ഡീപ് സെർച്ച് മൈൻ ഡിറ്റക്റ്ററും ഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. നാവിക സേനയുടെ സ്‌കൂബ ടീം ഉൾപ്പെടെ സംഘം ഇന്നലെ ഗംഗാവലിയിൽ പരിശോധന ആരംഭിച്ചിരുന്നു.