ബംഗളൂരു: ഒന്നര മാസം കഴിഞ്ഞിട്ടും കാണാമറയത്ത് തുടരുന്ന അര്‍ജുനെ തേടി കുടുംബം വീണ്ടും അധികാരികളുടെ വാതിലില്‍ മുട്ടുന്നു. (search for Arjun: The family will meet the Karnataka Chief Minister today ) ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും.
|
നിലവില്‍ പ്രദേശത്ത് മഴ കുറവാണ്. ഗംഗാവാലി പുഴയിലെ ഒഴുക്കിനും കുറവുള്ളതിനാല്‍ തിരച്ചിലിന് കൂടുതല്‍ അനുകൂലമായ സാഹചര്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കര്‍ണാടക സര്‍ക്കാറിനെ സമീപിക്കുന്നത്. എം.കെ.രാഘവന്‍ എം.പി, മഞ്ചേശ്വരം എം.എല്‍.എ എം.കെ.എം അഷ്‌റഫ് എന്നിവര്‍ക്ക് ഒപ്പമാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ബംഗളൂരുവിലിലെ വസതിയിലെത്തുക. ഉപ മുഖ്യമന്ത്രിയേയും കണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മണ്ണ് നീക്കം ചെയ്ത് തിരച്ചില്‍ നടത്തുന്നതിന് ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുള്ള നിര്‍ദേശം നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഒരു കോടിയോളം രൂപ ചിലവ് വരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയേക്കും. നേരത്തെ കേരളത്തിന്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.
ALSO READ: മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ രാജിയിലേക്ക് നയിച്ചത് ഇതാണ്; യുവതാരങ്ങള്‍ നേതൃ പദവിയിലേക്ക്?
അതേസമയം, തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈകോടതിയില്‍ നല്‍കിയ ഹരജിയില്‍ കേസ് പരിഗണിക്കുന്നത് സ്പ്തംബര്‍ 18ലേക്ക് മാറ്റിയിരുന്നു.
രണ്ടാംഘട്ട തെരച്ചിലില്‍ വെള്ളത്തിനടിയില്‍ നിന്ന് ലോറിയുടെ ചില ഭാഗങ്ങള്‍ കണ്ടെത്താനും സാധിച്ചു. അതിനാല്‍ തന്നെ കൂടുതല്‍ സംവിധാനങ്ങള്‍ എത്തിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.
ഷിരൂര്‍ അങ്കോലയില്‍ ദേശീയപാത 66ല്‍ ജൂലൈ 16ന് രാവിലെ 8:45നുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ അകപ്പെട്ടത്. മണ്ണിടിച്ചിലില്‍ ദേശീയപാതയിലെ ചായക്കടയുടമയടക്കം 10 പേര്‍ മരിച്ച സ്ഥലത്താണ് ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയത്. ലോറിയുണ്ടെന്ന് സംശയിക്കുന്നയിടത്ത് 10 മീറ്ററോളം ഉയരത്തില്‍ മണ്ണ് മൂടിയിരുന്നു.





