21
Feb 2023
Wed
21 Feb 2023 Wed

ജാതീയ വിവേചനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുഎസ് നഗരമായ സിയാറ്റില്‍. യുഎസില്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യ നഗരമായി ഇതോടെ സിയാറ്റില്‍ മാറി. പ്രാദേശിക ഭരണകൂടം വോട്ടെടുപ്പിലൂടെയാണ് ജാതീയ വിവേചനങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നത്. വോട്ടെടുപ്പിന് മുന്നോടിയായി നിരവധി ദക്ഷണേഷ്യന്‍ പൗരന്മാര്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ കൗണ്‍സില്‍ അംഗങ്ങളോടു പങ്കുവച്ചു. മണിക്കൂറുകള്‍ വരിനിന്നാണ് അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചത്. സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗം ക്ഷമ സാവന്ത് ആണ് ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് മുന്നോട്ടുവച്ചത്. വോട്ടെടുപ്പിലൂടെ കൗണ്‍സില്‍ ഇതു പാസാക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ സുഹൃത്തിന്റെ വസതിയില്‍ ക്ഷണപ്രകാരം ചെന്നിട്ട് ജാതീയമായ വേര്‍തിരിവ് താന്‍ നേരിട്ടതായി നേപാളില്‍ നിന്ന് 2015ല്‍ യുഎസിലെത്തിയ പ്രേം പരിയാര്‍ വെളിപ്പെടുത്തി. അവര്‍ തനിക്കായി പ്രത്യേക ഇരിപ്പിടമൊരുക്കിയിരുന്നുവെന്നും മനുഷ്യാവകാശങ്ങള്‍ വകവയ്ക്കുന്ന അമേരിക്ക പോലൊരു രാജ്യത്തും താന്‍ ജാതീയ വിവേചനം നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കുള്ളത് എടുക്കാന്‍ എഴുന്നേറ്റപ്പോള്‍ തൊടരുതെന്ന് നിര്‍ദേശിച്ച അവര്‍ ഭക്ഷണം തനിക്ക് എടുത്തുതരികയായിരുന്നുവെന്നും ്അദ്ദേഹം വിവരിച്ചു.

പരിയാറിനെ പോലെ നിരവധി പേരാണ് ഇന്ത്യയില്‍ ദലിതുകള്‍ നേരിട്ടിരുന്ന തൊട്ടുകൂടായ്മ പോലുള്ള വിവേചനം തങ്ങള്‍ക്ക് അമേരിക്കയിലും നേരിടേണ്ടിവരുന്നുവെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ മുമ്പാകെ വെളിപ്പെടുത്തിയത്. ജാതീയ വിവേചനങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുകയും ഇതേക്കുറിച്ച് സംഘടനകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തതോടെയാണ് സിയാറ്റില്‍ ജാതിവിവേചനത്തിന് വിലക്കേര്‍പ്പെടുത്തിയത്.