27
Oct 2024
Tue
27 Oct 2024 Tue
shafeeq

സസ്‌പെന്‍ഷനിലായ എസ്പി സുജിത് ദാസ് മലപ്പുറം പോലീസ് മേധാവിയായിരുന്ന സമയത്ത് വ്യാജ എംഡിഎംഎ കേസില്‍ കുടുക്കപ്പെട്ട യുവാക്കളിലൊരാളായ മലപ്പുറം കുറുവ കരിഞ്ചാപ്പാടി സ്വദേശി കരുവള്ളി ഷഫീഖ് ഹൃദയാഘാതം മൂലം മരിച്ചു. 2022 ഒക്ടോബര്‍ 24 നാണ് കേസിന് ആസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷഫീഖും സുഹൃത്തുക്കളായ കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുല്ല
സഞ്ചരിച്ചിരുന്ന കാര്‍, മണിയാണിരിക്കടവ് പാലത്തിനു സമീപം പരിശോധിക്കുന്നതിനിടെ ലഭിച്ച വെളുത്ത പൊടി എംഡിഎംഎയാണ് എന്നാരോപിച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

മുബഷീര്‍ വിദേശത്തുനിന്നു കൊണ്ടുവന്ന സുഗന്ധവസ്തുവാണ് അതെന്നും വണ്ടിയില്‍ സുഗന്ധത്തിനായി പുകച്ച് ഉപയോഗിക്കുന്നതാണെന്നും പറഞ്ഞിട്ടും പൊലീസ് അംഗീകരിച്ചില്ല. എംഡിഎംഎ ആണെന്നു സ്ഥിരീകരിച്ചെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയായിരുന്നു.

ALSO READ: മോദിയുടെ വിഭജന തന്ത്രം പാളി; ജമ്മു കശ്മീരിലും ബിജെപിക്ക് തിരിച്ചടി

കോടതി വഴി കടുത്ത സമ്മര്‍ദ്ദം നടത്തിയാണ് രാസപരിശോധന വേഗത്തിലാക്കാനായത്. അത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞതോടെയാണ് ഇവര്‍ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങനായത്.

ഷഫീഖിന്റെ വിയോഗത്തെ കുറിച്ച് സുഹൃത്ത് ആരിഫ് ചുണ്ടയില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഹൃദയം നുറുക്കുന്നതാണ്. ആ കുറിപ്പ് ഇങ്ങിനെ

പ്രിയ സുഹൃത്ത് ഷെഫീക്ക് യാത്രയായി.
സുജിത് ദാസിന്റെ കാലത്ത് വ്യാജ MDMA കേസില്‍ കുടുക്കിയ ആളായിരുന്നു ഹൃദയാഘാതം മൂലം മരണപ്പെട്ട ഷഫീഖ്.
പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം, ഇത്തരം കേസുകള്‍ പഠിക്കുന്നതിനായി ജില്ലാ ട്രഷറര്‍ മുനീബ് കാരക്കുന്നും, ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലവും ചേര്‍ന്ന് ഷഫീക്കിനെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.

ഹൃദ്യമായ സംസാരമായിരുന്നു ഷഫീഖിന്റെത്.
MDMA കേസുമായി ബന്ധപ്പെട്ട ദുരിതങ്ങളും ദുരന്തങ്ങളും വിശദമായി സംസാരിച്ചു.

യാത്ര ചെയ്ത കാറില്‍ നിന്നു പിടിച്ചെടുത്ത സുഗന്ധദ്രവ്യം എം.ഡി.എം.എ ആണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. അല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട് വന്നപ്പോഴേക്കും 88 ദിവസവും പലരുടെയും ജീവിതവും ഇല്ലാതാക്കിയിരുന്നു.

മേലാറ്റൂര്‍ മണിയാണീരിക്കടവ് പാലത്തിനു സമീപത്തുവെച്ചാണ് വാഹന പരിശോധനയ്ക്കിടെ പോലിസ് ഇവരെ പിടികൂടിയത്. കാറില്‍ വെച്ചിരിക്കുന്ന സുഗന്ധദ്രവമാണെന്ന് പറഞ്ഞിട്ടും പോലീസ് കാര്യമാക്കിയില്ല.

അതിക്രൂരമായ പീഡനങ്ങള്‍ അവര്‍ ഏറ്റുവാങ്ങി. ഗുഹ്യസ്ഥാനങ്ങളില്‍ വരെ മുളക് പുരട്ടി, തലകീഴായി കെട്ടിത്തൂക്കി, വാതിലിനിടയില്‍ വിരലുകള്‍ വെച്ചു അടക്കുന്നത് അടക്കമുള്ള ക്രൂരകൃത്യങ്ങള്‍ അവര്‍ ഏറ്റുവാങ്ങി എന്ന് ഷഫീഖ് പറഞ്ഞു.

‘നിന്റെ പേര് മതി നിനക്കെതിരെ കേസെടുക്കാന്‍,’ എന്ന് പോലീസ് പറയുന്നുണ്ടെന്നും ഷഫീഖ് പറഞ്ഞു.
ഷഫീഖിന് നഷ്ടം കുറച്ചൊന്നുമല്ല. കെ.എസ്.ഇ.ബി. കരാര്‍ തൊഴിലാളിയായ ഷഫീഖ്, എടുത്തുകൊണ്ടിരുന്ന കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചെയ്ത പ്രവൃത്തിക്കുള്ള ബില്ലുകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.

SHAFEEQ MDMA CASE

വിദേശത്തുനിന്ന് ലീവിന് വന്ന മറ്റൊരാള്‍ക്ക് തിരിച്ചുപോകാന്‍ 10 ദിവസം മാത്രം ബാക്കി. ആ ജോലി നഷ്ടപ്പെട്ടു. മറ്റൊരാള്‍ക്ക് വിദേശത്തെ ജോലി മാത്രമല്ല നഷ്ടമായത്; ഭാര്യ തെറ്റിദ്ധരിച്ച് ഉപേക്ഷിച്ചുപോയി.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മറ്റൊരാള്‍ക്ക് കൂലിവേലയായിരുന്നു. മൂന്ന് മാസത്തോളം ജയില്‍വാസം കൂടുതല്‍ കടബാധ്യതകള്‍ സൃഷ്ടിച്ചു.
ഈ ദുരിതങ്ങള്‍ക്കപ്പുറം എം.ഡി.എം.എ.യുടെ മൊത്തവില്‍പനക്കാരനാണെന്ന കുപ്രസിദ്ധിയുമുണ്ടെന്ന് അവര്‍ പറയുന്നു.

ഷെഫീക്കിന്റെ വാഹനത്തില്‍ നിന്ന് കിട്ടിയ സുഗന്ധ ദ്രവ്യത്തിന്റെ എം.ഡി.എം.എ. പരിശോധന ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല, അതിനുള്ള വിവരാവകാശത്തെക്കുറിച്ചും, ഉണ്ടായ ദുരിതത്തിനും മാനഹാനിക്കും പകരമാവില്ലെങ്കിലും മനുഷ്യാവകാശ കമ്മിഷനില്‍ പരാതി കൊടുക്കുന്നതിനെക്കുറിച്ചും, നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു.

കുടുംബത്തെയും നാട്ടുകാരെയും സഹകരിച്ച് ഇത്തരം കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹം.
ആരും നേരിടാന്‍ പാടില്ലാത്ത മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം ഷഫീഖിനെ 38ആം വയസ്സില്‍ ദുരന്തത്തിലേക്ക് നയിച്ചതിന് കാരണമായേക്കാം.

മലപ്പുറം ജില്ലയില്‍ സുജിത് ദാസിന്റെ കാലത്ത് അന്യായമായി അധികാര ദുരുപയോഗത്തിനും ക്രൂരതയ്ക്കും വിധേയരായവരുടെ എണ്ണം വര്‍ധിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. ഇത്തരം കേസുകളില്‍ നിരവധി പേരുടെ ജീവിതങ്ങള്‍ തകര്‍ക്കപ്പെട്ടു.

അതുകൊണ്ടുതന്നെ പാര്‍ട്ടി ആ കാലത്തെ മുഴുവന്‍ കേസുകളും പുനര്‍ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം തന്നെ നടക്കണം.
ഈ ആവശ്യങ്ങള്‍ ഉയര്‍ത്തി ശക്തമായ, അര്‍ത്ഥവത്തായ സമരം നടത്തേണ്ട ബാധ്യത നമുക്ക് ഒരോരുത്തര്‍ക്കുമുണ്ട്.

ആരിഫ് ചുണ്ടയില്‍