27
Jun 2024
Sat
27 Jun 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിയതിന് പിന്നാലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കെതിരേ (DCC) കടുത്ത ആരോപണവുമായി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ഡോ. ശശി തരൂര്‍. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ പേരെടുത്ത് പറഞ്ഞാണ് തിരുവനന്തപുരത്തെ നിയുക്ത എം.പി ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി ശ്രമം അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യമുണ്ട്. തെരഞ്ഞെടുപ്പില്‍ തന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് തരൂര്‍ ആക്ഷേപങ്ങള്‍ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒരുകൂട്ടം പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചില്ല, ഡി.സി.സി പ്രസിഡന്റ് പാലോട് രവി പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ല, ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ല, തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഡി.സി.സി പ്രസിഡന്റ് പാലോട് രവിയെക്കൂടാതെ, കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കൂടി തനിക്കെതിരെ പ്രവര്‍ത്തിച്ചെന്ന ആരോപണവും തരൂര്‍ ഉയര്‍ത്തി. തിരുവനന്തപുരത്തെ മൂന്നു മണ്ഡലങ്ങളില്‍ സംഘടനാ വീഴ്ചയുണ്ടായെന്നും തരൂര്‍ ആരോപിക്കുന്നുണ്ട്. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളാണ് തരൂര്‍ ചൂണ്ടിക്കാട്ടിയത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടങ്ങളിലായിരുന്നു തരൂര്‍ ലീഡ് നേടിയത്

തൃശൂരിലെ പരാജയത്തില്‍ ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ കെ. മുരളീധരന്‍ രംഗത്തുവന്നതിന് പിന്നാലെയാണ് തരൂരും പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്. പരാതി ഹൈക്കമാന്‍ഡ് പരിശോധിക്കട്ടെയെന്നായിരുന്നു, തരൂരിന്റെ ആരോപണത്തോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

 

shashi tharoor complaint file to high command on dcc inaction