16
Mar 2023
Mon
16 Mar 2023 Mon

ബഗ്ദാദ്: കേരളത്തില്‍നിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂര്‍ ലക്ഷ്യംകൈവരിക്കാന്‍ ഇനി വേണ്ടത് 1400ല്‍ താഴെ കിലോമീറ്റര്‍. ഇപ്പോള്‍ ഇറാഖിലുള്ള ശിഹാബ് അവിടെ നിന്ന് കുവൈത്ത് വഴി സൗദിയില്‍ പ്രവേശിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കുവൈത്തില്‍ പ്രവേശിക്കാതെ തന്നെ ഇറാഖില്‍നിന്ന് സൗദിയിലേക്കുള്ള എളുപ്പ വഴി അറിഞ്ഞുവെന്നും അതിനാല്‍ യാത്രാ റൂട്ട് മാറ്റിയതായും ശിഹാബ് അറിയിച്ചു. ഇറാഖില്‍ നിന്ന് ബസറ കുവൈത്ത് വഴിയുള്ള യാത്ര ഒഴിവാക്കി നേരെ സൗദി അറേബ്യയുടെ ബോര്‍ഡറിലേക്ക് പോകാനുള്ള പുതിയ വഴി അറിഞ്ഞതായി ശിഹാബ് ഏറ്റവും പുതിയ യൂ ട്യൂബില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇറാഖിലെ ബാഗ്ദാദില്‍ എത്തിയപ്പോള്‍, അറാര്‍ എന്ന അതിര്‍ത്തി വഴി പോയാല്‍ കുവൈത്ത് കടക്കാതെ നേരെ സൗദിയിലേക്ക് എത്താമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതനുസരിച്ചാണ് പുതിയ യാത്രയെന്നും അല്ലാഹു തന്റെ യാത്രാ പ്ലാന്‍ കൂടുതല്‍ എളുപ്പമാക്കി തന്നുവെന്നും ശിഹാബ് വ്യക്തമാക്കി. ഇന്നലെ ഇറാഖിലെ സൈനിക ക്യാമ്പിലാണ് താമസിച്ചത്. ഇനിയുമങ്ങോട്ട് മിലിട്ടറി ക്യാമ്പുകളിലാണ് നില്‍ക്കാനുള്ളത്. അവസാനത്തെ പട്ടണവും പിന്നിട്ടു. ഇനിയങ്ങോട്ട് വന്‍ മരുഭൂമിയാണ്. ഇറാഖ്‌സൗദി അതിര്‍ത്തിയിലേക്ക് നടന്നുകൊണ്ടിരിക്കുകയാണെന്നും 320 കി.മീറ്റര്‍ നടന്നാല്‍ സൗദിയുടെ അതിര്‍ത്തിയായ അറാറിലെത്തുമെന്നും പിന്നീട് അവിടുന്ന് മദീനയിലേക്ക് 1049 കി.മീറ്റര്‍ മാത്രമാണെന്നും ശിഹാബ് വ്യക്തമാക്കി.

നേരത്തെ തനിക്ക് ഇന്ത്യ- പാക് അതിര്‍ത്തിയിലെ വാഗ ബോര്‍ഡറില്‍ നാലുമാസം കാത്തിരിപ്പ് വേണ്ടിവന്നുവെങ്കിലും കുവൈത്ത് ചുറ്റാതെയുള്ള പുതിയ യാത്രയിലൂടെ 800 കിലോമീറ്റര്‍ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇതുവരെയും യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഇനിയും അങ്ങനെത്തന്നെയാവാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാവണമെന്നും ശിഹാബ് പറഞ്ഞു.