കൊച്ചി: മതം നോക്കി വീട് വാടകയ്ക്ക് നൽകുന്നത് ഉത്തരേന്ത്യയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരക്കാരുണ്ടെന്ന് യുവാവ്. കാസർകോഡ് സ്വദേശിയായ യുവാവ് സുഹൃത്തിനൊപ്പം കളമശ്ശേരിയിൽ വീട് അന്വേഷിച്ചപ്പോഴുണ്ടായ അനുഭവം ഫേസ്ബുക്കിലാണ് പങ്കുവച്ചത്. ഇൻഫോപാർക്കിൽ കംപ്യൂട്ടർ എൻജിനീയറായി ജോലിനോക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീടാണ് മുസ് ലിംകൾക്ക് വാടകയ്ക്ക് നൽകില്ലെന്ന് പറയുന്നത്. പി.വി ഷാജികുമാർ എന്നയാളാണ് അനുഭവം പങ്കുവച്ചത്.
|
ഷാജിയുടെ പോസ്റ്റിന്റെ പൂർണരൂപം:
ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ്ങ് കോളനിയിൽ പോയി.
ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.
”പേരേന്താ..?”
”ഷാജി”
അയാളുടെ മുഖം ചുളിയുന്നു.
”മുസ്ലീമാണോ..?”
ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.
”ഒന്നും വിചാരിക്കരുത് , മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്..”
”ഓ… ഓണർ എന്ത് ചെയ്യുന്നു..”
”ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എഞ്ചിനിയറാ..”
”ബെസ്റ്റ്..”
ഞാൻ സ്വയം പറഞ്ഞു.
ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.
ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ.. മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസിൽ നിന്ന് കളഞ്ഞതാണ്…
”എനിക്ക് വീട് വേണ്ട ചേട്ടാ…”
ഞാൻ ഇറങ്ങുന്നു.
ചുമരിലെ പാവം യേശു എന്നോട് പറയുന്നു.
‘ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു…’





