കാനഡയില്‍ ഇന്ത്യന്‍ പതാക കത്തിച്ചു, മോദിയുടെ ചിത്രത്തിന് ചെരുപ്പേറ്; ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധം
|
ഒട്ടാവ: നയതന്ത്രബന്ധം അതീവമോശം അഴസ്ഥയിലൂടെ പോകുന്നതിനിടെ, കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ സിഖ് സംഘടനകളുടെ പ്രതിഷേധം. നിജ്ജാര്‍ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നൂറോളം ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ട് ഔട്ടുകള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധിച്ചു.
പൊലീസ് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് മുന്നില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനാല്‍ അക്രമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിജ്ജാര്‍ വധത്തില്‍ ഇന്ത്യയാണ് ഉത്തരവാദിയെന്നും മുദ്രാവാക്യം വിളികളുയര്‍ന്നു. മഞ്ഞ ഖാലിസ്ഥാന്‍ കൊടികളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. കാനഡയുടെ പതാകകളേന്തിയെത്തിയവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ലോക്കല്‍ പൊലീസിനെയും ഫെഡറല്‍ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് കൊളംബിയയില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ ഏജന്‍സികളുടെ പങ്കിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ടൊറന്റോ, ഒട്ടാവ, വാന്‍കൂവര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഡയറക്ടര്‍ ജതീന്ദര്‍ സിംഗ് ഗ്രെവാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ജൂണ്‍ 18 നാണ് സറേയില്‍ വെച്ച് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്.


