ഇസ്രായേലിലെ ഹദേരയില്‍ ആറുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരം. ഇസ്രായേലി പൗരനാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. നാലിടങ്ങളിലായാണ് ആക്രമണം നടന്നത്. ഒരാള്‍ തന്നെയാണ് നാലിടത്തുമെത്തി ആറുപേരെ കുത്തിയതെന്ന് പോലീസ് പറഞ്ഞു.
|
സായുധരായ പ്രദേശവാസികള്‍ അക്രമിയെ തടഞ്ഞുവയ്ക്കുകയും പോലീസെത്തി ഇയാളെ കീഴടക്കുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. കുത്തേറ്റവരെ അടിയന്തരശസ്ത്രക്രിയയ്ക്കു വിധേയരാക്കി.
അതേസമയം ലബനാനില്‍ നിന്ന് ഹിസ്ബുല്ല തൊടുത്ത റോക്കറ്റ് വടക്കന്‍ ഇസ്രായേലി നഗരമായ കിര്യാത് ഷമോണയില്‍ പതിച്ച് രണ്ടുപേര്‍ കൊല്ലപ്പെടുകയുണ്ടായി. 40 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
മറ്റൊരു നഗരമായ ജാഫയില്‍ കഴിഞ്ഞയാഴ്ച നടന്ന വെടിവയ്പിലും കത്തിക്കുത്തിലുമായി ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ലബനാനിലും ഗസയിലുമായി ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഇസ്രായേലില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാനാവാത്തതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.


