30
Aug 2023
Thu
30 Aug 2023 Thu

ഇന്ന് ശ്രീനാരായണഗുരു ജയന്തി; ജാതിമതചിന്തകള്‍ക്കതീതമായ സമൂഹത്തിനായി നിലകൊണ്ട മഹാ മനീഷി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിമതചിന്തകള്‍ക്കതീതമായ ഒരു സമൂഹത്തിനായി നിലകൊണ്ട മഹാമനീഷിയായിരുന്നു ഗുരു. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’, ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ തുടങ്ങിയ വിശ്വമാനവികതയില്‍ അധിഷ്ഠിതമായ ദര്‍ശനങ്ങളെ മലയാളക്കരയിലെ സാധാരണ മനുഷ്യന്റെ മനസ്സിലേക്ക് അദ്ദേഹം പറിച്ചുനട്ടു. ജാതീയമായ വിവേചനങ്ങള്‍ക്കെതിരെയും സാമൂഹിക അനാചാരങ്ങള്‍ക്കെതിരെയും നിരന്തരപോരാട്ടത്തില്‍ ഏര്‍പ്പെട്ട ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് പുതിയകാലഘട്ടത്തില്‍ പ്രസക്തി വര്‍ധിച്ചുവരികയാണ്.

കേരളത്തില്‍ നവോത്ഥാന ആശയങ്ങളുടെ വിത്തുപാകിയവരില്‍ ശ്രീ നാരായണ ഗുരുവിന് സവിശേഷമായ സ്ഥാനമാണുള്ളത്. വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ മലയാളിയെ ഉദ്‌ബോധിപ്പിച്ച ശ്രീനാരായണഗുരു കേരളത്തിന്റെ വിജ്ഞാന മണ്ഡലത്തിന്റെ നവോത്ഥാന സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതിലും പ്രധാനപങ്കു വഹിച്ചു. കേരളം സഞ്ചരിച്ച പുരോഗമനനവോത്ഥാന ആശയങ്ങളുടെ വേരുകള്‍ അരുപ്പുറം പ്രതിഷ്ഠയിലേക്കെല്ലാം നീണ്ടെത്തുന്നുണ്ട്.

അയിത്തോച്ചാടനത്തിനെതിരെ രാജ്യത്ത് നടന്ന ആദ്യത്തെ സംഘടിത സമരമായിരുന്ന വൈക്കം സത്യാഗ്രഹത്തിലും നാരായണഗുരുവിന്റെ സാന്നിധ്യം ഊര്‍ജ്ജമായി ഉണ്ടായിരുന്നു. 1924 സെപ്തംബര്‍ 24 ന് ശ്രീനാരായണ ഗുരു വൈക്കം സത്യാഗ്രഹസ്ഥലം സന്ദര്‍ശിച്ച് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു. വൈക്കത്തെ ശ്രീ നാരായണ ഗുരുവിന്റെ വെല്ലൂര്‍ മഠം സത്യാഗ്രഹ ആശ്രമമാക്കി. ഈ നിലയില്‍ പുരോഗമന ആശയങ്ങളെ പ്രസരിപ്പിക്കാവുന്ന ഇടപെടലുകള്‍ ജീവിതത്തിലുടനീളം നടത്തിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരാണഗുരു. സാമൂഹിക ഇടപെടലിലൂടെയും ജീവിത ദര്‍ശനങ്ങളിലൂടെയും ആത്മീയതയുടെയും തത്വചിന്തയുടെയും മൗലീകചിന്തകള്‍ കോറിയിട്ട ദര്‍ശനമാല, ആത്മോപദേശശതകം തുടങ്ങിയ സാഹിത്യകൃതികളിലൂടെയുമെല്ലാം ശ്രീനാരായണഗുരു വര്‍ത്തമാന കാലത്തും കേരളത്തിന്റെ നവോത്ഥാന ആശയങ്ങളുടെ ഏറ്റവും തിളക്കമുള്ള പാഠപുസ്തകമാണ്. ഇത്തരം ഇടപെടലുകളിലൂടെ ഗുരു കേരളീയ സമൂഹത്തിന് പകര്‍ന്ന് നല്‍കിയത് ജാതിരഹിതമായ ആത്മീയതയുടെയും ഉന്നതമായ സാഹോദര്യബോധത്തിന്റെയും മാനവികതയുടെയും മൂല്യവത്തായ ആശയങ്ങളാണ്.

രവീന്ദ്രനാഥ ടഗോര്‍, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികള്‍, രമണ മഹര്‍ഷി, ഡോ. പല്‍പു, സഹോദരന്‍ അയ്യപ്പന്‍, കുമാരനാശാന്‍.. ജ്ഞാനം തേടിയുള്ള യാത്രയില്‍ ശ്രീനാരായണ ഗുരുവില്‍ മോക്ഷം തേടിയ മഹാത്മാകളുടെ നിര പോലും നീണ്ടതാണ്.
സമൂഹത്തെ ബാധിച്ചിരുന്ന ജീര്‍ണിപ്പിന്റെ നേരെ വിരല്‍ചൂണ്ടി, ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്ന ഒരു ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിടത്താണ് ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും പ്രസക്തമാകുന്നത്.

ഗുരുവിന്റെ 169ാമത് ജയന്തിയോടനുബന്ധിച്ച് ശിവഗിരി മഠത്തിലും, അനുബന്ധ മഠങ്ങളിലും എസ്.എന്‍.ഡി.പി യോഗത്തിന്റെയും മറ്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിലും ഘോഷയാത്രയും പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണഗുരുകുലത്തില്‍ ഇന്ന് വൈകിട്ട് 6.30 ന് നടക്കുന്ന ജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നല്‍കും.