പച്ചക്കളളം കൊണ്ട് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയതിന് മുഖ്യമന്ത്രി മാപ്പുപറയണം; ആഞ്ഞടിച്ച് പ്രതിപക്ഷം; മാസപ്പടി വിവാദവും സഭയില്‍
|
തിരുവവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെ നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. വ്യാജ ആരോപണങ്ങളുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ക്രൂരമായി വേട്ടയാടിയവര്‍ മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ മുന്പില് സുതാര്യമായ പൊതുജീവിതം നയിച്ച ഉമ്മന്‍ ചാണ്ടിക്കു നേരെ ആക്ഷേപ വര്‍ഷങ്ങള്‍ ചൊരിയാന്‍ തട്ടിപ്പുകാരിയുടെ കത്തുകള്‍ ഉപയോഗിച്ചവര്‍ മാപ്പുപറയാതെ കേരളത്തിന്റെ പൊതുസമൂഹം പൊറുക്കില്ലെന്നു ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. കള്ളക്കഥകളുടെ പേരില്‍ ഉമ്മന്‍ ചാണ്ടി വേട്ടയാടപ്പെട്ടു എന്നത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. ഒരു രാഷ്്ട്രീയ ദുരന്തമാണ് സോളാര്‍ തട്ടിപ്പു കേസ്. ഒരു സ്ത്രീയുടെ പരാതിയായതുകൊണ്ടാണ് എഴുതിവാങ്ങിയതെന്നും അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്നും പറയുന്നുണ്ട്. അങ്ങനെ മുഖ്യമന്ത്രിയെ കാണാന്‍ വന്ന മറ്റൊരു സ്ത്രീയെ എങ്ങനെയാണു ട്രീറ്റ് ചെയ്തതെന്നു കണ്ടതാണ്. ജിഷ്ണു പ്രണോയ് എന്ന ചെറുപ്പക്കാരന്റെ അമ്മ മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ തിരുവനന്തപുരത്തിന്റെ തെരുവോരങ്ങളില്‍ പിണറായി വിജയന്റെ പൊലീസ് അവരെ വലിച്ചിഴച്ചു. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണുള്ളത്. ഉമ്മന്‍ ചാണ്ടിയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഷാഫി പറമ്പില്‍ സഭയില്‍ പറഞ്ഞു.
അതേസമയം, മാത്യു കുഴല്നാടന് എംഎല്‍എ മാസപ്പടി വിവാദം വീണ്ടും സഭയില്‍ ഉന്നയിച്ചു. ഇത്രയേറെ പ്രധാനപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് മറുപടി നല്കാന് തയാറാകുന്നില്ലെന്ന് കുഴല്നാടന് ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചേര്‍ന്ന് കരിമണല്‍ കമ്പനിയില്‍ നിന്നും 1.72 കോടിയാണ് കൈപ്പറ്റിയതെന്നാണ് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് രേഖകളിലുള്ളത്. കേരളത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടും മുഖ്യമന്ത്രിക്ക് മൗനമാണെന്നും കുഴല്നാടന് പറഞ്ഞു.





