ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരേയുള്ള ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. (Supreme Court to hear petitions against Waqf Amendment Act today) ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജികള്‍ കേള്‍ക്കുന്നത്.
|
കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ മുസ്‌ലിം പേഴ്‌സണല്‍ ബോര്‍ഡും മുസ്‌ലിം ലീഗും സമസ്തയും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
ഹരജികള്‍ കഴിഞ്ഞ മാസം പരിഗണിച്ച സുപ്രിംകോടതി വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയവും കോടതി നല്‍കി. കേന്ദ്രം കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന എതിര്‍സത്യവാങ്മൂലം സംഘടനകള്‍ കോടതിക്കു മുന്നിലെത്തിച്ചിട്ടുണ്ട്.
രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പെരുപ്പിച്ച കണക്കാണ് ഫയല്‍ ചെയ്തതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്‌ലിം ലീഗും സുപ്രിംകോടതിയെ അറിയിച്ചു. സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിരിക്കുന്നത്.
ഇസ്‌ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കല്‍പ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്ന് സമസ്ത ആരോപിക്കുന്നു. ഹിന്ദു മതസ്ഥാപനങ്ങളുടെയും സിഖ് മതസ്ഥാപനങ്ങളുടെയും ഭരണത്തിനായി രൂപവത്കരിച്ച നിയമങ്ങളില്‍ നിന്ന് വ്യത്യസ്തമായി വഖഫ് ബോര്‍ഡുകളെ ലക്ഷ്യം വെയ്ക്കുന്നതാണ് പുതിയ വഖഫ് ഭേദഗതി നിയമമെന്ന് മുസ്‌ലിം ലീഗ് സത്യവാങ്മൂലത്തില്‍ പറയുന്നു. നിയമം സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രത്തിന്റെ പ്രധാന ആവശ്യം. ഇക്കാര്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനം എടുത്തേക്കും.





