കമ്പം: പഴയതാവളമായ ചിന്നക്കനാലിലേക്ക് തിരികെ പോവാനുള്ള അരിക്കൊമ്പന്റെ നീക്കത്തിൽ കുടുങ്ങി തമിഴ്‌നാട്. അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. തൽക്കാലം മയക്കുവെടി വച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.
|
ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തോക്കുമായി പൊലീസുകാർ രംഗത്തെത്തി. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്നും റിപ്പോർട്ടുണ്ട്.
കമ്പം ടൗണിന് സമീപമുള്ള ജനവാസമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. ഇതോടെയാണ് ആനയെ തുരത്തുന്നതിനുള്ള നടപടികളുമായി തമിഴ്നാട് വനംവകുപ്പും പൊലീസും രംഗത്തെത്തിയത്. ഇന്ന് രാവിലെയാണ് അരിക്കൊമ്പൻ കമ്പം ടൗണിനു സമീപമെത്തിയത്. കമ്പം നടരാജ് കല്യാണ മണ്ഡപത്തിന് സമീപത്തെ പിണ്ണാക്ക് ഫാക്ടറിക്ക് സമീപത്ത് കണ്ട അരിക്കൊമ്പനെ നാട്ടുകാരും വനം വകുപ്പും ചേർന്ന് തുരത്തി.നിലവിൽ തേനി കുമളി ബൈപാസ് റോഡ് മുറിച്ചു കടന്നിട്ടുണ്ട് ആന. അഞ്ചുവാഹനങ്ങൾ അരിക്കൊമ്പൻ തകർത്തു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.





