26
Nov 2024
Fri
26 Nov 2024 Fri
Manipur CRPF

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ആഭ്യന്തരകലാപം രൂക്ഷമായതോടെ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്‌സ്പ) പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.(Tensions escalate in Manipur; Center imposes AFSPA again; more forces to arrive)  മണിപ്പൂരിലെ അക്രമസംഭവങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെക്മായ്, ലാംസാങ് (ഇംഫാല്‍ വെസ്റ്റ്), ലാംലായ് (ഇംഫാല്‍ ഈസ്റ്റ്), ലെയ്മാക്കോങ് (കാങ്‌പോക്പി), മൊയ്‌റാങ് (ബിഷ്ണുപുര്‍), ജിരിബാം എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് അഫ്‌സ്പ പ്രഖ്യാപിച്ചത്. ഈ ആറ് പോലീസ് സ്റ്റേഷന്‍ പരിധികളിലുള്‍പ്പെടെ 19 സ്റ്റേഷന്‍ പരിധികളില്‍ നിന്ന് 2022 ഏപ്രിലിനും 2023 ഏപ്രിലിനും ഇടയില്‍ അഫ്‌സ്പ പിന്‍വലിച്ചിരുന്നു. എന്നാല്‍ ജിരിബാമിലുള്‍പ്പെടെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് അഫ്‌സ്പ തിരിച്ചുവരുന്നത്.

ALSO READ: ഖര്‍ഗെയുടെ വീട് കത്തിച്ചതും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതും റസാക്കര്‍മാര്‍; യോഗിയുടെ മുസ്ലിം വിദ്വേഷ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്ക് ഖാര്‍ഗെ

അഫ്സ്പ നിയമപ്രകാരം സുരക്ഷാസേനകള്‍ക്ക് ആക്രമണം നടത്താനും പൗരന്മാരെ അറസ്റ്റുചെയ്യാനും മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കര്‍ത്തവ്യനിര്‍വഹണത്തിനിടയില്‍ ആരെങ്കിലും കൊല്ലപ്പെട്ടാലും പ്രത്യേക നിയമനടപടി നേരിടേണ്ടിവരില്ല.

മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തിന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അയവ് വന്നിട്ടില്ലെന്നാണ് അഫ്‌സ്പയുടെ തിരിച്ചുവരവ് സൂചിപ്പിക്കുന്നത്. മണിപ്പൂരിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് സംഘര്‍ഷം രൂക്ഷമായ വേളയില്‍ സൈന്യവും അസം റൈഫിള്‍സും ആവശ്യപ്പെട്ടിരുന്നു.

അഫ്‌സ്പ പുനസ്ഥാപിക്കുന്നതിന് പുറമേ 20 അധിക കമ്പനി സിആര്‍പിഎഫിനെ നിയോഗിക്കാനും കേന്ദ്രം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ മണിപ്പൂരില്‍ കടുത്ത സൈനിക നടപടിയുണ്ടാവുമെന്നാണ് സൂചന.

അഫ്‌സ്പ നിയമം ദുരുപയോഗം ചെയ്ത് നിരവധി നിരപരാധികളെ മണിപ്പൂരില്‍ സൈന്യം കൊലപ്പെടുത്തുകയും സ്ത്രീകളെ ഉള്‍പ്പെടെ പീഡിപ്പിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. സൈന്യത്തിന് അമിതാധികാരം നല്‍കുന്ന നിയമം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഇത്തരം അതിക്രമങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് സാധാരണക്കാരായ ജനങ്ങള്‍.