19
Apr 2026
Thu
19 Apr 2026 Thu
thadiyantavida naseer

ന്യൂഡല്‍ഹി: ബംഗളൂരു ജയിലില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ഏഴുവര്‍ഷം കഠിന തടവ് വിധിച്ച് എന്‍.ഐ.എ കോടതി. ലശ്കറെ ത്വയ്യിബ അംഗം തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കാണ് ശിക്ഷ. ഇതിന് പുറമേ 48,000 രൂപ പിഴയും വിധിച്ചുവെന്ന് എന്‍.ഐ.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബംഗളൂരുവിലെ പരപ്പനഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ് നസീറിന്റെ ആസൂത്രണത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടന്നതെന്നായിരുന്നു എന്‍.ഐ.എ കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍, തടവില്‍ കഴിഞ്ഞിരുന്ന ഒരു യുവാവിനെ പ്രേരിപ്പിച്ച് പരിശീലനം നല്‍കി മതം മാറ്റിയെന്നാണ് കേസ്. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് 2023 ജൂലൈയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഡിജിറ്റല്‍ ഉപകരണങ്ങളും പ്രതികളുടെ ഒളിയിടങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായി എന്‍.ഐ.എ ആരോപിച്ചു.

ലശ്കറെ ത്വയ്യിബയുടെ ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാഗമായി ബംഗളൂരു നഗരത്തില്‍ ഭീകരാക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. നിരവധി തീവ്രവാദ കേസുകളില്‍ കുറ്റവാളിയെന്ന് കോടതി വിധിച്ച നസീറിനെ ജയിലില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതായും എന്‍.ഐ.എ പറയുന്നു. 2008ലെ ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസുകളില്‍ വിചാരണ തടവുകാരനായി കഴിയുമ്പോള്‍ കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിലായ 11 പ്രതികള്‍ക്കും പിടികിട്ടാത്ത ജുനൈദ് അഹമ്മദ് എന്നയാള്‍ക്കും എതിരെയാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. റുവാണ്ടയില്‍ ആയിരുന്ന സല്‍മാന്‍ ഖാന്‍ എന്ന പ്രതിയെ അവിടത്തെ അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ട് നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക