ലാസ്‌വേഗാസ്: പുതുവല്‍സര ദിനത്തില്‍ ട്രക്ക് ഇടിച്ചു കയറ്റി 15 പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയില്‍ വീണ്ടും ആക്രമണം.(Tesla cyber truck exploded in Trump hotel) ട്രംപ് ഹോട്ടലില്‍ ടെസ്‌ലയുടെ സൈബര്‍ ട്രക്ക് കത്തിനശിച്ചത് ഭീകരാക്രണമാകാന്‍ സാധ്യതയെന്ന് അന്വേഷണ ഏജന്‍സികള്‍.
|
ഗ്യാസ് ടാങ്കുകളും പെട്രോളും ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍.
രാവിലെ 8.40ഓടെയാണ് സൈബര്‍ ട്രക്ക് കത്തിയെന്ന വിവരം ലാസ്‌വേഗാസ് പൊലീസിന് ലഭിക്കുന്നത്. പൊലീസ് എത്തുമ്പോള്‍ വാഹനം നിന്നു കത്തുന്നതാണ് കണ്ടത്. ഒരാളെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അത് പുരുഷനാണോ സ്ത്രീയാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടേയും പരിക്ക് സാരമുള്ളതല്ല.
ALSO READ: രണ്ടുപേരും ഇഷ്ടപ്പെടുന്നത്ഒരാണ്‍കുട്ടിയെ; തെരുവില്‍ അടികൂടി പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍
എഫ്.ബി.ഐയും അന്വേഷണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. സൈബര്‍ ട്രക്ക് വാടകക്കെടുത്തതാണെന്ന് സംശയമുണ്ടെന്ന് സി.എന്‍.എന്നും റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഇതേ വാഹനം ഹോട്ടലിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ന്യു ഓര്‍ലിയന്‍സില്‍ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ന്യൂ ഓര്‍ലിയന്‍സില്‍ ആക്രമണം നടത്തിയത് മുന്‍ സൈനികന്‍

യു.എസിലെ ന്യൂ ഓര്‍ലിയന്‍സില്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി 15 പേരെ കൊലപ്പെടുത്തിയിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഇവിടെ പ്രസിദ്ധമായ കനാല്‍-ബോര്‍ബണ്‍ സ്ട്രീറ്റില്‍ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയതായിരുന്നു ജനം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണം നടത്തിയ ആളും കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിന് പിന്നില്‍ ഐഎസ്‌ഐഎസ് ആണെന്നാണ് സംശയിക്കുന്നത്. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ ആക്രമണത്തിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റിലെ സായുധ സംഘമാണ് തനിക്ക് പ്രചോദനമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമിയെ വെടിവച്ചുവീഴ്ത്തിയതായി ന്യൂ ഓര്‍ലിയന്‍സ് പോലീസ് അറിയിച്ചു. 42കാരനായ ശംസുദ്ദീന്‍ ജബ്ബാര്‍ ആണ് കൊല്ലപ്പെട്ടത്. യുഎസ് പൗരനായ ഇയാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബ്ബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷ്യലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.


