സിഡ്‌നി: ആസ്‌ത്രേലിയയിലെ സിഡ്‌നി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയായ ‘ദ ഇൻസ്റ്റിസ്റ്റ്യുട്ട് ഫോർ എക്കണോമിക്‌സ് ആന്റ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകരസംഘടനകളുടെ പട്ടികയിൽ കമ്യൂണിസ്‌ററ് പാർട്ടി ഓഫ് ഇന്ത്യയുടെ (സി.പി.ഐ) പേരും. ഗ്‌ളോബൽ ടെററിസം ഇൻഡക്‌സ് 2023 എന്ന പേരിൽ തെയ്യാറാക്കിയ 95 പേരുള്ള പുസ്‌കത്തിലാണ് ഇസഌമിക് സ്റ്റേറ്റ്, തെഹരിക് എ താലിബാൻ, ബോക്കോ ഹറാം എന്നിവക്കൊപ്പം പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും സ്ഥാനം പിടിച്ചത്. എന്നാൽ, പട്ടിക വിവാദമായതോടെ തെറ്റ് തിരുത്തിയിരിക്കുകയാണ് ഐ.ഇ.പി. സി.പി.ഐ അല്ല ഭീകരസംഘടനയെന്നും മറിച്ച് സി.പി.ഐ (മാവോയിസ്റ്റ്) ആണ് ഭീകരസംഘടനയെന്നും പരിഷ്‌കരിച്ച പട്ടിക പുറത്തുവിട്ടതായും ഐ.ഇപി അറിയിച്ചു.
|
പഴയ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി സംഘടന അറിയിച്ചു.പട്ടികയിൽ സിപിഐയെന്ന് രേഖപ്പെടുത്തിയതിനെതിരെ പാർട്ടിയുടെ രാജ്യസഭാംഗം ബിനോയ് വിശ്വം അടക്കമുള്ള നേതാക്കൾ സംഘടനയെ നേരിട്ട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റ് തിരുത്തിയത്. ഐഎസ് ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ 12ാം സ്ഥാനത്തായിരുന്നു സിപിഐ എന്ന് രേഖപ്പെടുത്തിയിരുന്നത്.
സംഭവത്തിൽ സംഘടനയുടെ വിശദീകരണം ഇങ്ങനെ: ‘ഡ്രാഗൺഫ്‌ലൈയുടെ ടെററിസം ട്രാക്കറിലെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തെറ്റ് മനസിലാക്കിയ ഉടൻ ഞങ്ങൾ നടപടിയെടുത്തു. റിപ്പോർട്ടിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചതിനും വിഷയം ശ്രദ്ധയിൽ പെടുത്തിയതിനും നന്ദി.’ആദ്യ പട്ടിക ഉപയോഗിച്ച് സംഘപരിവാർ സംഘടനകൾ വ്യാപകപ്രചരണം നടത്തിയിരുന്നു. സിപിഐ തീവ്രവാദസംഘടനയാണെന്ന പേരിലാണ് സംഘപരിവാർ തെക്കേ ഇന്ത്യയിൽ അടക്കം പ്രചരണം നടത്തിയത്.


