27
Aug 2024
Mon
27 Aug 2024 Mon
Hema committee report high court

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. (The High Court rejected the plea not to release the Hema Committee report) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള രഞ്ജിനിയുടെ അപ്പീല്‍ ആണ് തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.  തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിനെ ഇന്നു തന്നെ സമീപിക്കുമെന്ന് രഞ്ജിനിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

സജിമോന്‍ പാറയിലും രഞ്ജിനിയും നല്‍കിയ ഹര്‍ജികള്‍ ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്.

ബൈക്കിൽ ലിഫ്റ്റ് ചോദിച്ചുകയറിയ കോളജ് വിദ്യാർഥിനിയെ ബലാൽസം​ഗം ചെയ്തു

രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു. തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയില്‍ പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹര്‍ജി തള്ളിയത്.

സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.

സിംഗിള്‍ ബെഞ്ച് നിലപാടിന് പിന്നാലെ ആഗസ്റ്റ് പതിനേഴിന് രാവിലെ 11ന് റിപ്പോര്‍ട്ട് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ തീരുമാനം.

എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സര്‍ക്കാറിനെ സമീപിച്ചതോടെയാണ് റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത്. രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മലയാള സിനിമാ രംഗത്ത് വനിതകള്‍ക്കെതിരേ നടക്കുന്ന പല ചൂഷണങ്ങളും റിപോര്‍ട്ടില്‍ ഉള്‍ക്കൊള്ളുന്നതായാണ് സൂചന. നിരവധി പ്രമുഖരുടെ പേരുകളും റിപോര്‍ട്ടിലുണ്ട്.