മണ്ണഞ്ചേരിയില്‍ ഇന്‍സ്റ്റയിലൂടെ പരിചയപ്പെട്ട 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്തു; 3 പേര്‍ പിടിയില്‍
|
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത സംഭവത്തില്‍ കേസില്‍ കൊലപാതകക്കേസ് പ്രതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടിയൂര്‍കാവ് നെട്ടയം മുളക്കിന്‍തറവിളയില്‍ അരവിന്ദ്, (26), ഉള്ളൂര്‍ ശ്രീകാര്യം സജിഭവനത്തില്‍ ജിത്തു (27), അടൂര്‍ ചങ്കൂര്‍ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവില്‍ ചന്ദ്രലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
അരവിന്ദ് ആണ് മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടത്. ഇയാള്‍ 29ന് ആലപ്പുഴയിലെത്തി പെണ്‍കുട്ടിയെ കൂടെക്കൂട്ടി അടൂരിലെ ചന്ദ്രലാലിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ശേഷമാണ് മൂവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ 30നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാര്‍ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഫോണ്‍വിളികള്‍ പരിശോധിച്ച പോലീസിനു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. പെണ്‍കുട്ടിയുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ച ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് അന്വേഷണം പ്രതികളിലേക്കെത്തിയത്. വാഹനമെത്താത്ത മലമുകളിലാണ് ചന്ദ്രലാലിന്റെ വീട്. പോലീസിനെക്കണ്ട് ആക്രമണത്തിന് ശ്രമിച്ച സംഘത്തെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.
കാപപ്രകാരം ജയിലിലായിരുന്ന ജിത്തു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ചന്ദ്രലാലിനെതിരേ നിലവില്‍ വേറെ കേസുണ്ട്. അരവിന്ദും ജിത്തുവും കൊലപാതകം ഉള്‍പ്പെടെയുള്ള മറ്റ് കേസുകളിലും പ്രതികളാണ്. മൂന്നു പ്രതികളും ലഹരിവില്‍പ്പനയടക്കം കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു പോലീസ് പറഞ്ഞു.
ആലപ്പുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ നേതൃത്വത്തില്‍ മാരാരിക്കുളം എസ്.ഐ. എ.വി. ബിജു, മണ്ണഞ്ചേരി എസ്.ഐ. കെ.ആര്‍. ബിജു, എസ്.ഐ. മാരായ ജോമോന്‍, രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ഉല്ലാസ്, ഷാനവാസ്, ഷൈജു, സിവില്‍ പോലീസ് ഓഫിസര്‍മാരായ ശ്യാംകുമാര്‍, അനീഷ്, വനിതാ സിവില്‍ പോലീസ് ഓഫിസര്‍മാരായ ആശമോള്‍, അഞ്ജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
three arrested for abducted and raped minor girl in vattiyoorkav





